ADVERTISEMENT

കൊല്ലം∙ രാജീവ് ഗാന്ധി ആവാസ് പദ്ധതിയുമായി (റേ) ബന്ധപ്പെട്ട് വീടു നിർമിച്ചു നൽകാമെന്ന ഉറപ്പിൽ കൊല്ലം നഗരത്തിൽ എസ്എംപി പാലസ് മേഖലയിൽ നിന്ന് 2014ൽ ഒഴിപ്പിച്ച കുടുംബങ്ങളിൽ അൻപതോളം പേർ തലചായ്ക്കാൻ ഇടമില്ലാതെ അലയുന്നു. ഈ കുടുംബങ്ങളിലെ അംഗങ്ങൾ ഇന്നലെ കോർപറേഷൻ ഓഫിസ് ഉപരോധിച്ചപ്പോൾ ലഭിച്ചത് ഡിസംബർ 31നു മുൻപായി എല്ലാം ശരിയാകുമെന്ന ഉറപ്പ്. നേരത്തെയും ഇതു പോലെ ഉറപ്പ് കോർപറേഷൻ നൽകിയിരുന്നുവെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. 

മേയർ പ്രസന്ന ഏണസ്റ്റ്, ഡപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സമവായ ചർച്ച.റേ പദ്ധതിയിൽ നിർമിക്കേണ്ടിയിരുന്നത് 195 വീടുകളിൽ 110 എണ്ണം നിർമിച്ചു. 62 വീടുകൾക്ക് താക്കോൽ നൽകി. അവശേഷിക്കുന്ന 48 പേർക്കായുള്ള ആറു നില ഫ്ലാറ്റിന്റെ നിർമാണം പൂർത്തിയായെങ്കിലും താക്കോൽ കൈമാറിയിട്ടില്ല. കോർപറേഷൻ നിർമിച്ച താൽക്കാലിക വീടുകളിലാണ് ഇവരിൽ പലരും 9 വർഷമായി താമസിക്കുന്നത്.

kollam-rajiv-gandhi-awas-yojana
എസ്എംപി നിവാസികൾ താമസിക്കുന്ന താൽക്കാലിക ഷെഡ്.

താൽക്കാലിക വീട്  അഥവാ ജയിൽ
വെളിച്ചം കടക്കാത്ത തരത്തിലാണ് കോർപറേഷൻ നിർമിച്ച വീടുകൾ. അവയ്ക്കു പിന്നിലായി വലിയ മാലിന്യ ശേഖരം. വീടിനോടു ചേർന്നു റേ പദ്ധതിയിൽ നിർമിച്ച വീടുകളിലെ മലിന ജലം സംസ്കരിക്കുന്നതിനുള്ള സംവിധാനത്തിനുള്ള (എസ്ടിപി) മൂന്നു കുഴികൾ. ആ മേഖലയാകെ കൊതുകു പെരുകി നിൽക്കുന്നു. 9 വർഷം നിർമിച്ച എസ്ടിപി കുഴികളിലെ മാലിന്യം അടുത്ത ദിവസം മുതലാണ് കോരിക്കളയാൻ ശ്രമിച്ചത്. ഇത്രയും കാലം മൂന്നു കുഴികളിലും വെള്ളം നിറ‍ഞ്ഞു കിടക്കുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു.

kollam-mayor
എസ്.എംപി കോളനി നിവാസികൾ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റുമായി ചർച്ച നടത്തുന്നു.

ഇതും ഫ്ലാറ്റ്
48 കുടുംബങ്ങൾക്കു വേണ്ടി നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത് മുന്നു നിലകളുള്ള ഫ്ലാറ്റുകളുടെ സമുച്ചയമാണ്. പിന്നീട് പ്ലാനും പദ്ധതിയും മാറി ആറു നിലയുള്ള ഒറ്റ കെട്ടിടമായി. ഓരോ നിലയിലും എട്ടു ഫ്ലാറ്റുകൾ വീതം. ആറടി വീതിയിലുള്ള അടുക്കളയും ചെറിയ കിടപ്പു മുറിയും ചെറിയൊരു ഹാളും ശുചിമുറിയും അടങ്ങുന്നതാണ് ഫ്ലാറ്റ്. 48 ഫ്ലാറ്റുകൾ നിർമിച്ചു. അതിനുശേഷമാണ് അടുക്കളയിലേയും ശുചിമുറിയിലേയും മലിനജലം എവിടേക്ക് ഒഴിക്കുമെന്നതിനെ കുറിച്ചു ചിന്തിച്ചത്. കിടപ്പുമുറിയിലൂടെയാണ് മലിനജലം ഒഴുകുന്ന പൈപ്പ് പിന്നീടു സ്ഥാപിച്ചത്.

അഗ്നിശമന സംവിധാനം, സുവിജ് ട്രീറ്റ്മെന്റ് സംവിധാനം, ലിഫ്റ്റ്, സെപ്റ്റിക് ടാങ്ക് എന്നിവയുടെ നിർമാണം പൂർത്തിയായിട്ടില്ല. വയറിങ് സംബന്ധിച്ച തർക്കം കോടതിയിലുമാണ്. വീടുകളുടെ ഉദ്ഘാടനം 2019 നവംബർ 19ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചിരുന്നു. 48 കുടുംബങ്ങൾക്കു വേണ്ടി നിർമിച്ച ഫ്ലാറ്റ് കെട്ടിടത്തിൽ 2019 ലെ ഉദ്ഘാടന ഫലകം നിറം മങ്ങാതെ നിലയുറപ്പിച്ചിട്ടുണ്ട്. താക്കോൽ കൈമാറാതെ ഉദ്ഘാടനം നടത്തുന്നതിന് എതിരെ അന്നു ഗുണഭോക്താക്കൾ പ്രതിഷേധിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

സെയ്ദലി, സിപിഎം ബ്രാഞ്ച് സെക്രട്ടറി
ഞാനും ഈ മേഖലയിൽ നിന്നുള്ളയാളാണ്. പദ്ധതി ഒൻപതു വർഷമായി ഇഴഞ്ഞു നീങ്ങുന്നു. ഫ്ലാറ്റിനുള്ളിൽ കയറി ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവർ അധികമാണ്. ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണ് നിർമാണം വൈകുന്നതിനു പ്രധാനകാരണം.

പ്രസന്ന ഏണസ്റ്റ്, മേയർ
2014ൽ മേയറായിരുന്നപ്പോഴാണ് 17 കോടി രൂപയുടെ റേ പദ്ധതി കൊല്ലത്തു കൊണ്ടുവരാൻ കഴിഞ്ഞത്. പലകാരണങ്ങൾ കൊണ്ടു പദ്ധതി വൈകി. നിർമാണം പൂർത്തിയാക്കി ഡിസംബർ 31ന് മുൻപ് താക്കോൽ കൈമാറും.

ശ്രീജ, റേ പദ്ധതി ഗുണഭോക്താവ്
കോർപറേഷൻ താൽക്കാലികമായി നിർമിച്ച വീട്ടിൽ 9 വർഷമായി ജീവിതം വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ശക്തമായ മഴപെയ്താൽ വെള്ളം കയറും. ഇഴജന്തുക്കളെ പേടിച്ചാണ് കുട്ടികളുമൊത്തുള്ള ജീവിതം. പ്രതിഷേധിച്ചപ്പോൾ ഡിസംബർ 31 വരെ കാക്കുക എന്നാണ് മേയറും കൗൺസിലർമാരും നൽകിയ മറുപടി. ആ ഉറപ്പിലാണ് ഇനിയും ഞങ്ങളുടെ കാത്തിരിപ്പ്.

 

                                                

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT