ഡോക്ടർമാർ എത്തിയില്ല; മുച്ചക്ര വാഹന വിതരണ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന മുടങ്ങി

Mail This Article
കൊല്ലം ∙ ഡോക്ടർമാർ എത്താത്തതിനെ തുടർന്നു ഭിന്നശേഷിക്കാർക്കായി കോർപറേഷൻ നടപ്പാക്കുന്ന മുച്ചക്ര വാഹന വിതരണ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന മുടങ്ങി. പദ്ധതിയിൽ റജിസ്റ്റർ ചെയ്യാനും ഭിന്നശേഷിയുള്ളവരാണെന്ന് തെളിയിക്കുന്ന പരിശോധനയ്ക്കുമായി നൂറിലേറെപ്പേരാണ് കൊല്ലം ടൗൺഹാളിൽ ഇന്നലെ രാവിലെ മുതൽ എത്തിയത്.
എന്നാൽ പരിശോധന നടത്തേണ്ട ഡോക്ടർമാർ എത്തിയില്ല .ഇതോടെ ഏറെ ബുദ്ധിമുട്ടി ടൗൺഹാളിലെത്തിയ ഭിന്നശേഷിക്കാർ നിരാശരാവുകയായിരുന്നു. പരിശോധനയ്ക്ക് എത്തിയ ആളുകളുടെ മുഴുവൻ റജിസ്ട്രേഷൻ നടത്തി പരിപാടി അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു ദിവസം നിശ്ചയിച്ച് ഡോക്ടർമാരുടെ പരിശോധന മാത്രമായി പെട്ടെന്നു നടത്താനാണ് അധികൃതരുടെ നീക്കം.
ഒരു കോടി രൂപ ചെലവഴിച്ചാണ് ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വാങ്ങി നൽകുന്ന പദ്ധതി കോർപറേഷൻ ആവിഷ്കരിച്ചത്. ഇന്നലെ നൂറ്റി നാൽപതു പേർ പരിശോധനയ്ക്കായി ടൗൺഹാളിൽ എത്തി. പരിശോധന നടത്താനായി 3 ഡോക്ടർമാരെ തീരുമാനിച്ചിരുന്നെങ്കിലും മറ്റു തിരക്കുകൾ മൂലവും ആരോഗ്യ പ്രശ്നങ്ങൾ മൂലവും ഇവർ പരിശോധനയ്ക്ക് എത്തിയില്ല. ഇതോടെ നിശ്ചയിച്ച പരിശോധന മുടങ്ങുകയായിരുന്നു.
എത്തിയവർ പ്രതിഷേധിച്ചെങ്കിലും അധികൃതർ മറ്റൊരു ദിവസം തീരുമാനിച്ച് അറിയിക്കാം എന്നു പറഞ്ഞു എല്ലാവരെയും മടക്കി അയച്ചു.പരിശോധനയ്ക്ക് വലിയ ബുദ്ധിമുട്ടുകൾ സഹിച്ച് എത്തിയ ഭിന്നശേഷിക്കാരെ വലയ്ക്കുന്ന നടപടി ഇനി ഉണ്ടാവരുതെന്നും എത്രയും പെട്ടെന്നു പദ്ധതി നടപ്പാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പദ്ധതിയിലെ തുക അനുസരിച്ചു മുൻഗണന പ്രകാരം അൻപതോളം പേർക്കായിരിക്കും ആദ്യം മുച്ചക്ര വാഹനം അനുവദിക്കുക. പിന്നീട് ഘട്ടം ഘട്ടമായി എല്ലാവർക്കും മുച്ചക്ര വാഹനം നൽകാനാണ് ലക്ഷ്യമിടുന്നത്.