ദേവസ്വം ബോർഡ് മുൻ ജീവനക്കാരന് ശമ്പള കുടിശികയും പെൻഷനും നൽകുന്നില്ലെന്ന് പരാതി

Mail This Article
കൊല്ലം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുൻ ജീവനക്കാരന് ശമ്പള കുടിശികയും പെൻഷനും അനുവദിച്ചു നൽകുന്നില്ലെന്ന് പരാതി. പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നിലനിൽക്കെയാണ് ദേവസ്വം ബോർഡ് സാങ്കേതിക ന്യായങ്ങൾ പറഞ്ഞു തുക പിടിച്ചു വയ്ക്കുകയാണെന്ന് മുഖത്തല ഡീസന്റ് ജംക്‌ഷൻ ചെന്താപ്പൂർ വിജയാനന്ദനിലയത്തിൽ ആർ.സുധീർ പറഞ്ഞു. 18 വർഷത്തെ ശമ്പള കുടിശികയും 17 വർഷത്തെ പെൻഷൻ തുകയും ആണ് സുധീറിന് ലഭിക്കാനുള്ളത്.
അയിരൂർ സബ് ഗ്രൂപ്പ് ദേവസ്വം ഓഫിസർ ആയിരിക്കെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സസ്പെൻഡ് ചെയ്തു എന്നതിന്റെ പേരിലാണ് സുധീറിനെ മാറ്റി നിർത്തിയിരുന്നത്. വിഷയത്തിൽ സുധീറിന്റെ സർവീസ് ബുക് പരിശോധിച്ചു വരുന്ന മുറയ്ക്ക് ശമ്പള കുടിശിക നൽകാമെന്ന് ദേവസ്വം കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിൽ കാലതാമസം വന്നതോടെ ശമ്പളകുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സുധീർ കഴിഞ്ഞ വർഷം മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. 2022 ജൂലൈ 12ന് കമ്മിഷൻ ഇതു സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ശമ്പള കുടിശികയിൽ നിന്നു സുധീറിനെതിരെ ഓഡിറ്റ് പ്രകാരമുള്ള തുക ഈടാക്കണമെന്ന് ബോർഡ് അസിസ്റ്റന്റ് ഓഫിസർ ആവശ്യപ്പെട്ടിരുന്നു. ബോർഡ് നിശ്ചയിച്ച ശമ്പള കുടിശികയും ഫിക്സേഷനും തെറ്റാണെന്നും സ്വാഭാവിക നീതി ലഭിക്കണമെങ്കിൽ റീ ഓഡിറ്റ് നടത്തണമെന്നും സംഭവം അന്വേഷിച്ച കമ്മിഷൻ അഭിപ്രായപ്പെട്ടു. ഇതോടെ തീരുമാനം എടുക്കുന്നതിനായി ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസിലേക്ക് ഫയൽ കൈമാറി. സംഭവത്തിൽ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ എത്രയും പെട്ടെന്നു തീരുമാനം എടുക്കണമെന്നും ഹർജിക്കാരന്റെ പരാതിക്ക് തീർപ്പു കൽപിക്കാനായി തിരുവിതാംകൂർ ദേവസ്വം കമ്മിഷണറോട് നിർദേശിച്ചു കൊണ്ട് കഴിഞ്ഞ മേയ് 10ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
എന്നാൽ ഉത്തരവ് വന്നു 4 മാസം പിന്നിട്ടിട്ടും ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ വിഷയത്തിൽ തീരുമാനം എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല. ജോലിയിൽ ചേരുമ്പോൾ ലഭിക്കുന്ന അതേ ശമ്പളത്തിലാണ് സുധീർ വിരമിക്കും വരെ ജോലി ചെയ്തത്. നിയമപ്രകാരമുള്ള പ്രമോഷനുകൾ ലഭിച്ചിരുന്നുവെങ്കിൽ അസി. കമ്മിഷണറായി വിരമിക്കേണ്ടതായിരുന്നെന്നും ശമ്പള കുടിശികയും പെൻഷനും എത്രയും പെട്ടെന്നു നീതി ലഭ്യമാക്കണമെന്നും ആർ.സുധീർ ആവശ്യപ്പെട്ടു.