ഹയർ സെക്കൻഡറി മേഖലയോട് മാത്രം എന്നും കടം പറയുന്നു
Mail This Article
കൊല്ലം ∙ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയത്തിന്റെ പ്രതിഫലം നൽകുന്നതിൽ സർക്കാർ കടം പറയുന്നു. ഒന്നും രണ്ടും വർഷ പൊതു പരീക്ഷാ മൂല്യനിർണയത്തിന്റെയും ഇൻവിജിലേഷൻ ഡ്യൂട്ടിയുടേയും പ്രതിഫലം ആണ് 6 മാസമായി കടം പറയുന്നത്. ഇതോടൊപ്പം മൂല്യ നിർണയം നടത്തിയ എസ്എസ്എൽസിയുടെ വേതനം കൃത്യമായി നൽകുകയുണ്ടായി.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പ്ലസ് ടു പ്രായോഗിക പരീക്ഷയുടെ വേതനം, ഇതുമായി ബന്ധപ്പെട്ട് വിവിധ ജില്ലാ ചീഫുമാർ യോഗത്തിൽ പങ്കെടുക്കുന്നതിനു എറണാകുളത്ത് പോയതിനുള്ള യാത്രാ ബത്ത, മാർച്ചിൽ നടന്ന ഒന്നും രണ്ടും വർഷ പരീക്ഷാ ജോലിക്കുള്ള വേതനം, ഇതിന്റെ ഉത്തരസൂചിക തയാറാക്കുന്നവർക്ക് നൽകുന്ന യാത്രാ ബത്ത, ഏപ്രിൽ മേയ് മാസങ്ങളിൽ നടന്ന പ്ലസ് വൺ, പ്ലസ്ടു മൂല്യനിർണയ വേതനം, ജൂണിൽ നടന്ന പ്ലസ്ടു സേ - ഇംപ്രൂവ്മെന്റ് ഇൻവിജിലേഷൻ വേതനം, ഇതിന്റെ ഉത്തര സൂചിക തയാറാക്കലുമായി ബന്ധപ്പെട്ട യാത്രാ ബത്ത, ജൂലൈ മാസത്തിൽ നടന്ന സേ - ഇംപ്രൂവ്മെന്റ് പരീക്ഷാ മൂല്യനിർണയം തുടങ്ങിയവയുടെ വേതനമാണ് ഭൂരിപക്ഷം അധ്യാപകർക്കും ലഭിക്കാനുള്ളത്.
കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്ത് 80 ക്യാംപുകളിൽ ആയിരുന്നു കേന്ദ്രീകൃത മൂല്യനിർണയം. 30.4 കോടി രൂപയാണ് ഇവയ്ക്ക് നൽകേണ്ടത്. സർക്കാർ അനുവദിച്ചത് 8.9 കോടി രൂപ മാത്രം. ഹയർ സെക്കൻഡറിയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്. ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9ന് തുടങ്ങുകയാണ്. വേതനം ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.