ADVERTISEMENT

കൊല്ലം ∙ പേവിഷബാധ മൂലമുള്ള മരണങ്ങൾ ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ കെ.എസ്.ഷിനു അറിയിച്ചു. മൃഗങ്ങളുടെ കടിയേറ്റാൽ ഉടനെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച്  കഴുകാനും പ്രതിരോധ കുത്തിവയ്പ് എടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് പേവിഷബാധ. നായ്ക്കളാണ് പ്രധാന രോഗവാഹകർ.

എന്നാൽ പൂച്ച, കുറുക്കൻ, അണ്ണാൻ, കുതിര, വവ്വാൽ തുടങ്ങിയവയും രോഗവാഹകരിൽ പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ, നക്കൽ എന്നിവയിലൂടെ ശരീരത്തിലെത്തി  തലച്ചോറിനെ ബാധിക്കുന്നു.

രോഗലക്ഷണങ്ങൾ

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങൾ, അതിനു ശേഷം വെളിച്ചത്തോടും വായുവിനോടും വെള്ളത്തിനോടും ഉള്ള ഭയം പ്രത്യക്ഷമാകുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ സാധാരണ ഗതിയിൽ  2-3 മാസം വരെ എടുക്കും. എന്നാൽ ചിലർക്ക് 4 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകാം. ചിലപ്പോൾ ഇത് 6 വർഷം വരെ എടുത്തേക്കാം.

പ്രഥമ ശുശ്രൂഷ പ്രധാനം

പച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിറ്റ് നന്നായി കഴുകുക. പൈപ്പിൽ നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നത് ഉത്തമം. പേവിഷബാധയുടെ അണുക്കളിൽ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാൽ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു. ബീറ്റാഡിൻ ലോഷൻ/ഓയിൻമെന്റ് ലഭ്യമാണെങ്കിൽ മുറിവ് കഴുകിയ ശേഷം പുരട്ടാവുന്നതാണ്. മുറിവ് കെട്ടിവയ്ക്കരുത്.

പ്രതിരോധ മാർഗങ്ങൾ

രോഗവാഹകരായ വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് രോഗപ്രതിരോധത്തിൽ പ്രധാനമാണ്. വളർത്തു മൃഗങ്ങൾക്ക് ആറ് മാസം പ്രായമായാൽ ആദ്യ കുത്തിവയ്പ് എടുക്കാം പിന്നീട് ഓരോ വർഷ ഇടവേളയിൽ പ്രതിരോധ കുത്തിവയ്പ് എടുക്കണം. പേവിഷബാധയ്ക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാൽ കടിയോ മാന്തലോ പോറലോ ഏറ്റാൽ കുത്തിവയ്പ് എടുക്കേണ്ടത് അനിവാര്യമാണ്.

പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ് (ഐഡിആർവി) നൽകുന്നത്. 0, 3, 7 & 28 ദിവസങ്ങളിലാണ് കുത്തിവയ്പുകൾ എടുക്കേണ്ടത്. മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവയ്പും നൽകാറുണ്ട്. യഥാസമയം കുത്തിവയ്പ്  എടുത്താൽ പേവിഷ ബാധ മൂലമുള്ള മരണം തടയാം. ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും എടുക്കണം.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പൂർണമായ വാക്സീൻ ഷെഡ്യൂൾ എടുത്ത ആളുകൾക്ക് ഷെഡ്യൂൾ പൂർത്തിയായി മൂന്ന് മാസത്തിനുളളിലാണ് സമ്പർക്കം ഉണ്ടാകുന്നതെങ്കിൽ വാക്സീൻ വീണ്ടും എടുക്കേണ്ടതില്ല. മൂന്ന് മാസം കഴിഞ്ഞാണ് എങ്കിൽ രണ്ട് ഡോസ് (Do & D3) വാക്സിൻ എടുക്കണം. പട്ടി, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുൻകൂട്ടി പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്. ആദ്യ പ്രതിരോധ കുത്തിവയ്പിന് ശേഷം ഏഴാം ദിവസവും ഇരുപത്തിയൊന്നാം/ഇരുപത്തിയെട്ടാം ദിവസവും കുത്തിവയ്പ് എടുക്കേണ്ടതാണ്. ആകെ മൂന്ന് ഡോസുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT