ബൈപാസിലെ ടോൾ പിരിവ് നിർത്തിച്ച് ഡിവൈഎഫ്ഐ
Mail This Article
അഞ്ചാലുംമൂട് ∙ ബൈപാസിലെ ടോൾ പിരിവു നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ വീണ്ടും പ്രതിഷേധവുമായി എത്തി. പ്രതിഷേധം കടുത്തതോടെ ഇന്നു ചർച്ച നടക്കുന്നതു വരെ ടോൾ പരിവ് താൽക്കാലികമായി നിർത്തി. ബൈപാസിലെ നിർമാണങ്ങൾ പൂർത്തിയാക്കുന്നതു വരെ ടോൾ പിരിവു നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കഴിഞ്ഞ തടഞ്ഞു പ്രതിഷേധിച്ചിരുന്നു. തുടർന്ന് ടോൾ പിരിവ് നിർത്തിയിരുന്നതാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ എൻഎച്ച് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ വീണ്ടും ആരംഭിച്ചതോടെയാണ് ഡിവൈഎഫ്ഐ നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയത്.വകുപ്പു മന്ത്രി ഇന്നു ചർച്ച നടത്തുമെന്നും അതിനു ശേഷം മതി ടോൾ പിരിവ് നടത്തുന്നത് എന്നുമാണ് ഡിവൈഎഫ്ഐ നേതൃത്വം ആവശ്യപ്പെട്ടത്. തുടർന്ന് ടോൾ കലക്‌ഷൻ ഏജൻസി പിരിവു നിർത്തി വയ്ക്കുകയായിരുന്നു. ഇന്ന് അധികൃതരുടെ നിർദേശപ്രകാരം മാത്രമേ ആരംഭിക്കൂ എന്നും കമ്പനി അധികൃതർ പറഞ്ഞു.
∙ കൊല്ലം ബൈപാസിലെ കുരീപ്പുഴ ടോൾ പ്ലാസയിൽ നിന്നു ടോൾ പിരിവ് ഇനത്തിൽ നാഷനൽ ഹൈവേ അതോറിറ്റിക്ക് ലഭിക്കുന്ന വരുമാനം ദിവസം 3 ലക്ഷം രൂപയാണ്. ഇതിൽ നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിനു തുക പോകുന്നുണ്ട്. മാസം ഏകദേശം 21 ലക്ഷം രൂപയാണ് ടോൾ പിരിവിന്റെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. 3 ലക്ഷം രൂപയാണ് കരാർ അടിസ്ഥാനത്തിൽ എൻഎച്ചിനു കമ്പനി നൽകേണ്ടതെങ്കിലും ഇപ്പോൾ ശരാശരി 2 മുതൽ 2.5 ലക്ഷം രൂപയുടെ വരുമാനം മാത്രമാണു കരാറെടുത്തിട്ടുള്ള കമ്പനിക്കു ലഭിക്കുന്നത്.