ADVERTISEMENT

 കൊട്ടാരക്കര  ∙ സോളർ കമ്മിഷന് മുന്നിൽ പരാതിക്കാരി ഹാജരാക്കിയ കത്തിൽ കൃത്രിമം നടത്തിയെന്ന കേസിൽ രണ്ടാം പ്രതി കെ.ബി ഗണേഷ്കുമാർ എംഎൽഎ ഒക്ടോബർ 18 ന് നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവ്. അന്നു ഹാജരാകാൻ ഒന്നാം പ്രതിയായ സോളർ പീഡനക്കേസിലെ പരാതിക്കാരിക്കു  സമൻസ് അയയ്ക്കാനും കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് സി.ബി. രാജേഷ് ഉത്തരവിട്ടു. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ ഇരുവരും ഹാജരായിരുന്നില്ല.

പരാതിക്കാരി പത്തനംതിട്ട ജില്ലാ ജയിലിൽ കഴിയവേ എഴുതിയ 21 പേജുള്ള കത്തിൽ പിന്നീട് 4 പേജുകൾ കൂട്ടിച്ചേർത്താണു ജുഡീഷ്യൽ കമ്മിഷനു നൽകിയതെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണു അഡ്വ. ജോളി അലക്സ് മുഖേന കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീർ ജേക്കബ് ഹർജി നൽകിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അടക്കം പ്രമുഖരെ പ്രതികളാക്കി അവരുടെ രാഷ്ട്രീയ ഭാവി തകർക്കാൻ ഗണേഷ്കുമാറിന്റെ അറിവോടെ സഹായി പ്രദീപ്കുമാറും ഗണേഷിന്റെ ബന്ധു കൂടിയായ ശരണ്യ മനോജും ഗൂഢാലോചന നടത്തിയെന്നാണ് കേസ്.ഇന്നലെ കേസ് പരിഗണിച്ചപ്പോൾ‍ ഗണേഷ്കുമാറിനു വേണ്ടി അഭിഭാഷകൻ ഹാജരായി അവധിക്ക് അപേക്ഷ നൽകി. ഗണേഷ്കുമാറിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അഭിഭാഷകൻ പറഞ്ഞു.

എന്നാൽ ഹൈക്കോടതിയുടെ സ്റ്റേയുടെ കാലാവധി കഴിഞ്ഞെന്നും കേസ് പരിഗണിക്കണമെന്നും അഡ്വ. ജോളി അലക്സ് ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് 18 ലേക്കു മാറ്റിയത്.21 പേജുകളുള്ള കത്ത് പരാതിക്കാരി അന്നത്തെ അവരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനു കൈമാറിയതിന്റെ രേഖകൾ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിരുന്നു.

ഉമ്മൻചാണ്ടിയുടെ മൊഴിയും 2018 ഓഗസ്റ്റ് 3 ന് കോടതി രേഖപ്പെടുത്തി. ഭാര്യ നൽകിയ പരാതിയെത്തുടർന്നു പൊലീസ് കേസിൽപ്പെട്ടു മന്ത്രി സ്ഥാനം രാജിവച്ച കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്താതിരുന്നതിന്റെ പേരിൽ തന്നോട് അകൽച്ച കാണിച്ചിരുന്നുവെന്നായിരുന്നു ഉമ്മൻചാണ്ടി നൽകിയ മൊഴി.

സോളർ ഗൂഢാലോചനക്കേസിൽ തുടർ നടപടി വേഗത്തിലാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നു ഹർജിക്കാരൻ അഡ്വ. സുധീർ ജേക്കബ് പറഞ്ഞു. സോളർ കേസിലെ സിബിഐ റിപ്പോർട്ട് വിചാരണക്കോടതിയിൽ ഹാജരാക്കും. ഉമ്മൻചാണ്ടിയെപ്പോലെ മഹാനായ വ്യക്തിയെ വേട്ടയാടിയ സംഭവമാണിതെന്നും സുധീർ ജേക്കബ് പറഞ്ഞു.

സോളർ പ്ലാന്റിന്റെ പേരിൽ തട്ടിപ്പ്: കേസ് അടുത്തമാസം പരിഗണിക്കും

കൊല്ലം ∙ സോളർ വിഷയത്തിൽ ക്രഷർ ഓണേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മല്ലേലിൽ ആർ. ശ്രീധരൻ നായരുടെ പരാതിയെത്തുടർന്നുള്ള കേസിന് 10 വർഷത്തെ പഴക്കം. ഹൈക്കോടതി സ്റ്റേ മൂലം തുടർ നടപടികൾ നിലച്ച കേസ് (സിസി 400/2013) ഒക്ടോബർ 4 ന് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്– രണ്ട് കോടതി വീണ്ടും പരിഗണിക്കും.പാലക്കാട് കിൻഫ്ര പാർക്കിൽ 3 മെഗാവാട്ട് ശേഷിയുള്ള സോളർ പ്ലാന്റ് സ്ഥാപിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു 40 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാട്ടി ശ്രീധരൻ നായർ നൽകിയ കേസിൽ സരിത എസ്.നായർ, ബിജു രാധാകൃഷ്ണൻ എന്നിവരാണു പ്രതികൾ.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനാണു പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ കാണാൻ സാഹചര്യമൊരുക്കിയതെന്നു കാണിച്ചു ശ്രീധരൻ നായർ പിന്നീട് റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മൊഴി നൽകിയതിനെത്തുടർന്നു ജോപ്പനെ മൂന്നാം പ്രതിയുമാക്കി.കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നു കാണിച്ചു സർക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണു തുടർനടപടി സ്റ്റേ ചെയ്തത്.സിബിഐ അന്വേഷണത്തിൽ ഉമ്മൻചാണ്ടിയുടെ അടക്കം നിരപരാധിത്വം വ്യക്തമായതോടെ, കേസിൽ തുടർനടപടി ആരംഭിക്കണമെന്നു കാണിച്ചു അപേക്ഷ നൽകുമെന്നു ജോപ്പനു വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ജി.എം. ഇടിക്കുള പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com