പുനലൂർ ടിബി ജംക്‌ഷൻ – ഇടമൺ റോഡിന് ശാപമോക്ഷമായില്ല
Mail This Article
പുനലൂർ ∙ കൊല്ലം – തിരുമംഗലം ദേശീയപാതയുടെ സമാന്തര പാതയായ പുനലൂർ ടിബി ജംക്‌ഷൻ – ഇടമൺ റോഡിൽ വ്യവഹാരങ്ങളിൽ കുടുങ്ങി പുനർനിർമാണം നിലച്ച ഭാഗത്തെ റോഡ് നിർമാണത്തിനു നടപടിയായില്ല. നഗരസഭാ പ്രദേശമായ താഴെക്കടവാതുക്കൽ ഭാഗത്താണ് കുറേ ഭാഗം പുനർനിർമാണം നടക്കാതെ പോയത്. റോഡ് നിർമാണം സംബന്ധിച്ച് 13 പേർ ഒന്നിച്ചും ഒരാൾ പ്രത്യേകമായും തർക്കം ഉന്നയിക്കുകയും ഈ വിഷയം കോടതിയിലേക്കു പോകുകയും ചെയ്തിരുന്നു.
അടുത്തിടെ പി.എസ്.സുപാൽ എംഎൽഎ ഇടപെട്ട് സമവായ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തർക്കം ഇല്ലാതാകുകയും ചെയ്തിരുന്നു. ഇടമൺ – ടിബി ജംക്‌ഷൻ പാതയിൽ ബാക്കി ഭാഗം മുഴുവൻ പുനർനിർമിച്ച് റീടാറിങ്ങും നടത്തി. സംരക്ഷണഭിത്തിയുടെ നിർമാണവും നടന്നു. എന്നാൽ, ഇവിടെ കുറെ ഭാഗം ഇപ്പോൾ തകർച്ച നേരിടുകയാണ്. ഇടയ്ക്ക് ഈ ഭാഗം പുനർനിർമിക്കുന്നതിന് ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ, ഏറ്റെടുക്കാൻ കരാറുകാർ ആരും മുന്നോട്ടു വരാത്ത സ്ഥിതിയാണ്.
എന്തായാലും ഇതുവഴിയുള്ള വാഹനഗതാഗതവും കാൽനടയാത്രയും നാട്ടുകാർക്കു ദുരിതമാണ് സമ്മാനിക്കുന്നത്. ദേശീയപാതയിലെ തിരക്കു കാരണം കുറെ വാഹനങ്ങൾ എങ്കിലും ഈ പാത വഴിയാണ് പോകുന്നത്. ശേഷിക്കുന്ന ഭാഗത്തെ പുനർനിർമാണം കൂടി പൂർത്തിയായാൽ ഈ പാതയുടെ പ്രാധാന്യം കൂടുകയും കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകുകയും ചെയ്യും.