ഹോട്ടലിലെ അക്രമം: പ്രതികൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു

Mail This Article
അഞ്ചാലുംമൂട് ∙ ഹോട്ടലിൽ അക്രമം നടത്തുകയും മാനേജരെ ക്രൂരമായി മർദിക്കുകയും ചെയ്ത കേസിൽ പ്രതികൾക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ കൂട്ടു നിന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട്ടിലെ ഹോട്ടൽ മാനേജർ അഞ്ചാലുംമൂട് മുരുന്തൽ ആൻസ് വില്ലയിൽ ഷിബു കുര്യാക്കോസിനെ (50) ക്രൂരമായി മർദിച്ച കേസിൽ ഉൾപ്പെട്ട കണ്ടാലറിയുന്ന 10 പ്രതികൾക്കെതിരെ അഞ്ചാലുംമൂട് പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ചെറുമൂട് പാറപ്പുറത്തിന് സമീപത്തെ വീട്ടിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നതായുള്ള വിവരം ലഭിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. തുടർന്ന് പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്തു നൽകിയതിന് 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികളിൽ കൂടുതൽ പേരും ലഹരി വിൽപന സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് സംശയിക്കുന്നുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടന്നു വരുന്നത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ഷിബു കുര്യാക്കോസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പ്രതിഷേധജാഥ നടത്തി
ഹോട്ടൽ മാനേജരെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചാലുംമൂട് ഐ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് അംഗമാണ് പരുക്കേറ്റ ഷിബു കുര്യാക്കോസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. നിസാർ കരുവ അധ്യക്ഷത വഹിച്ചു.