പാളുമോ ഈ പദ്ധതിയും?; വ്യവസായ പാർക്ക് നോക്കുകുത്തിയാകുന്നതായി പരാതി

Mail This Article
കൊട്ടാരക്കര∙ ജില്ലാ പഞ്ചായത്ത് കരീപ്രയിൽ നടപ്പാക്കിയ വ്യവസായ പാർക്ക് നോക്കുകുത്തിയാകുന്നതായി പരാതി. ജലലഭ്യതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയില്ലെങ്കിൽ പാർക്ക് കാഴ്ചവസ്തുവായി അവശേഷിക്കും. കഴിഞ്ഞ വർഷം ഒക്ടോബർ 26നാണ് 10 കോടി രൂപ ചെലവിൽ കരീപ്ര വ്യവസായ എസ്റ്റേറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തത്.
കരീപ്ര കടയ്ക്കോട് ചൂഴതിൽ ഗ്രാമത്തിൽ 3 ഏക്കർ സ്ഥലത്താണ് സംരംഭം. ഇതുവരെ 4 സംരംഭകർ മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്താണ് എസ്റ്റേറ്റ്. രണ്ട് കുഴൽക്കിണറുകൾ സ്ഥാപിച്ചെങ്കിലും ജലലഭ്യത കുറവാണ്. എസ്റ്റേറ്റിന്റെ താഴ്ന്ന പ്രദേശത്ത് കുഴൽക്കിണർ നിർമിച്ചാൽ പരിഹാരമാകുമെന്നാണ് കരുതുന്നത്. സംരംഭകർ പല തവണ ജില്ലാ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഫലമില്ല.

പദ്ധതിക്ക് സുതാര്യമായ ഏകജാലക സംവിധാനം ഇല്ലെന്നതും അമിതവാടകയും പ്രതിസന്ധിയാകുന്നതായി സംരഭകർ പറയുന്നു. ഉൾഗ്രാമമായിട്ടും സ്ക്വയർ മീറ്ററിന് 7 രൂപ നിരക്കിലാണ് വാടക. 250 ചതുരശ്ര അടി സ്ഥലത്ത് സംരംഭം ആരംഭിക്കണമെങ്കിൽ 10000 രൂപ ഡപ്പോസിറ്റും 2000 രൂപ പ്രതിമാസ വാടകയും നൽകണം. മാർക്കറ്റിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. പട്ടിക ജാതി വനിതകൾക്ക് പ്രത്യേക കെട്ടിട സമുച്ചയവും പദ്ധതിയിലുണ്ട്. ഇവിടെ ഒരെണ്ണം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഫ്ലക്സ് പ്രിന്റിങ്, കേറ്ററിങ്, റോളിങ് ഷട്ടർ നിർമാണ യൂണിറ്റ് എന്നിവയാണ് ഇവിടെ ഉള്ളത്. ഫണ്ട് ചെലവഴിക്കാൻ മാത്രം തട്ടിക്കൂട്ടിയ പദ്ധതിയെന്നാണ് നാട്ടുകാരുടെ പരാതി.