ഡിബി കോളജ് സംഘർഷം; കെഎസ്‍യു പ്രവർത്തകരെ മർദിക്കാനുള്ള നീക്കം തടഞ്ഞ പൊലീസിനെതിരെ എസ്എഫ്ഐ നേതാക്കളുടെ പോർവിളി

Mail This Article
ശാസ്താംകോട്ട ∙ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കെഎസ്‍യു പ്രവർത്തകരെ വളഞ്ഞിട്ട് മർദിക്കാനുള്ള എസ്എഫ്ഐ നീക്കം തടഞ്ഞ പൊലീസിനെതിരെ നേതാക്കളുടെ പോർവിളി. കെഎസ്എം ഡിബി കോളജിലെ സംഘർഷമാണ് എസ്ഐക്കെതിരെ പരസ്യ ഭീഷണിയിലേക്കെത്തിയത്. കോളജിനു സമീപം കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകനു മർദനമേറ്റ സംഭവത്തിൽ വൈകിട്ട് സ്റ്റേഷനിൽ മൊഴി നൽകാൻ എത്തിയതായിരുന്നു നേതാക്കൾ.
ഇതിനിടെ മറുപരാതിയുമായി എത്തിയ കെഎസ്‍യു പ്രവർത്തകരെ സ്റ്റേഷന്റെ മുന്നിലിട്ട് മർദിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞതാണ് നേതാക്കളെ ചൊടിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ എസ്എഫ്ഐ നേതാക്കളെ പൊലീസ് സംഘം സ്റ്റേഷനു പുറത്തേക്ക് തള്ളി നീക്കി. ഇതോടെ സംഘർഷം പൊലീസും നേതാക്കളും തമ്മിലായി. എസ്എഫ്ഐ മുൻ ഏരിയ ഭാരവാഹികളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഉൾപ്പെടെ എസ്ഐക്കെതിരെ ‘എടാ, പോടാ’ വിളികളുമായി രംഗത്തെത്തി.
കയ്യേറ്റം ചെയ്യാനുള്ള ശ്രമത്തിനൊടുവിൽ ‘എങ്കിൽ അടിക്ക്’ എന്ന് എസ്ഐയും പറഞ്ഞതോടെ വെല്ലുവിളി രൂക്ഷമായി. അരമണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിലാണ് രംഗം ശാന്തമാക്കിയത്. കോളജിലെ സംഘർഷത്തിൽ 10 കെഎസ്‍യു പ്രവർത്തകർക്കെതിരെ പിന്നീട് കേസെടുത്തു.
പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സിപിഎം നേതാക്കൾ ഇടപെട്ട് അനുരഞ്ജന നീക്കം തുടങ്ങി. എന്നാൽ സ്റ്റേഷന്റെ മുന്നിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമം തടഞ്ഞതാണെന്നും ഇരുകൂട്ടരും തമ്മിലുള്ള തുടർ സംഘർഷങ്ങൾ ഒഴിവാക്കിയെന്നും കോളജിൽ പഠനാന്തരീക്ഷം ഉറപ്പാക്കുമെന്നും എസ്ഐ കെ.എച്ച്.ഷാനവാസ് പറഞ്ഞു.