ADVERTISEMENT

കൊല്ലം∙ജില്ലയിലെ ടൂറിസം എന്നാൽ അഷ്ടമുടിക്കായലും തെന്മലയുമൊക്കെയാവും ഒരു സഞ്ചാരിയുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്ന സ്ഥലങ്ങൾ. എന്നാൽ അതിനുമപ്പുറം ജില്ലയിലെ ടൂറിസം വളർത്താനുള്ള ശ്രമത്തിലാണു കൊല്ലം ഡിടിപിസി.അതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ഉടൻ നടപ്പാക്കുകയുമാണ് ലക്ഷ്യം. 

കൊല്ലം അഡ്വഞ്ചർ പാർക്കിൽ നിന്ന്.
കൊല്ലം അഡ്വഞ്ചർ പാർക്കിൽ നിന്ന്.

കടയ്ക്കലിൽ ഹെറിറ്റേജ്  സൈറ്റ് 

കടയ്ക്കൽ  വിപ്ലവ സ്മാരകം, കടയ്ക്കൽ ക്ഷേത്രം, മറ്റിടം പാറ എന്നിവ ചേർത്തു കടയ്ക്കലിനെ ഒരു ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കി മാറ്റുന്നത്താണു ‍ഡിടിപിസിയുടെ ഏറ്റവും പുതിയ പദ്ധതി. കടയ്ക്കൽ ഗ്രാമപ്പഞ്ചായത്തുമായി ചേർന്നാണു പദ്ധതി നടപ്പിലാക്കുക. ഇതിനായുള്ള പ്രാഥമിക പഠനം പൂർത്തിയായി. വിശദമായ പഠനത്തിനു ശേഷം ഒരോ കേന്ദ്രങ്ങളിലും ആവശ്യമായ വികസനം നടപ്പാക്കി കടയ്ക്കലിനെ വിനോദസഞ്ചാര മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലയുടെ അധികമാരുമറിയാത്ത ചരിത്രവും സംസ്കാരവും പ്രകൃതി ഭംഗിയും അടുത്തറിയാനും ആസ്വദിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.  

പാർക്കുകളിൽ  മാറ്റങ്ങൾ

പുത്തൻ റൈഡുകളും ആക്ടിവിറ്റികളും വന്നതോടെ ആശ്രാമത്തെ അഡ്വഞ്ചർ പാർക്കിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  ഓണക്കാലത്തു വരുമാനത്തിൽ  50% വർധനയുണ്ടായി. എയർ ബലൂണും ടോയ് ട്രെയിനും വാട്ടർ സോർബിങ്ങുമൊക്കെയായി യുവാക്കൾക്കു മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കും സ്വീകാര്യമായി മാറി. പാർക്കിൽ സിപ്പ്ലൈൻ സ്കൈ സൈക്ലിങ്,ട്രീ സർഫിങ്, ബുൾ റൈഡ് തുടങ്ങിയ 15 പുതിയ ആക്ടിവിറ്റികൾ അടുത്ത മാസം മുതൽ തുടങ്ങാനാണ് തീരുമാനം. ഇതുവഴി ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കാനും കേരളത്തിലെ തന്നെ മികച്ച സാഹസിക സ്പോട്ടാക്കി മാറ്റാനുമാണ് പദ്ധതി. 

ചിൽഡ്രൻസ് പാർക്കിന്റെ ശോച്യാവസ്ഥയ്ക്കും ഉടൻ പരിഹാരമാകുമെന്നു ഡിടിപിസി അധികൃതർ പറയുന്നു. പാർക്കിൽ പുതിയ റൈഡുകളും മറ്റു സൗകര്യങ്ങളും ഒരുക്കാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. കരാർ നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടെന്നു പാർക്കിന്റെ ‘മേക്ക് ഓവർ’ നടത്താനാണു പദ്ധതി.

ടൂറിസം ക്ലബ്ബുകളും ട്രെയിനികളും

ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൂറിസം ക്ലബ്ബുകൾ സജീവമാക്കാനൊരുങ്ങുകയാണു ഡിടിപിസി. ടൂറിസം ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർഥികൾക്കു വിനോദ സഞ്ചാര മേഖലയിലെ സാധ്യതകളെക്കുറിച്ചറിയാൻ അവസരമുണ്ടാക്കും. ഇതിനായി പ്രത്യേക പരിശീലനവും യാത്രകളും ഒരുക്കും. ഇതുകൂടാതെ ടൂറിസം പഠിച്ചിറങ്ങിയ വിദ്യാർഥികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസം ട്രെയിനികളായി നിയമിക്കുമെന്ന് ഡിടിപിസി സെക്രട്ടറി സി.വിജയ് രാജ് അറിയിച്ചു. 

തങ്കശേരി  ബ്രേക്ക് വാട്ടർ പാർക്കിൽ ഫ്ലോട്ടിങ് ബ്രിജ്

തിരമാലകൾ തല്ലിയലയ്ക്കുന്ന കടലിന്റെ മുകളിലൂടെ നടക്കാൻ ഇനി കോഴിക്കോട് ബേപ്പൂർ വരെ പോകേണ്ട. അങ്ങനെയൊരു ഫ്ലോട്ടിങ് ബ്രിജ് കൊല്ലത്തു വന്നാലോ? തങ്കശേരി  ബ്രേക്ക് വാട്ടർ പാർക്കിൽ അത്തരമൊരു ‘കടൽപാലം’ പണിയാൻ ഒരുങ്ങുകയാണ് ഡിടിപിസി. നിലവിൽ ലൈറ്റ് ഹൗസിനോടു ചേർന്നുള്ള പാർക്കിൽ കുട്ടികൾക്കുള്ള റൈഡുകളും ഭക്ഷണശാലകളും മാത്രമാണുള്ളത്.

ബ്രേക്ക് വാട്ടർ പാർക്കിന്റെ ഉദ്ഘാടന വേളയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ്  പാർക്കിൽ ഫ്ലോട്ടിങ് ബ്രിജിന്റെ സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. മന്ത്രിയുടെ നിർദേശത്തിൽ ഫ്ലോട്ടിങ് ബ്രിജ് നിർമിക്കാനുള്ള ഇടവും ഡിടിപിസി കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com