പ്രതിരോധത്തിൽ പിഴയ്ക്കുമോ? ഇനി വളർത്തുനായ്ക്കൾക്കു മൈക്രോ ചിപ്

Mail This Article
കൊല്ലം∙ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 52,000 വളർത്തുനായ്ക്കളും 73,000 തെരുവുനായ്ക്കളുമുണ്ട്. കേരളത്തിൽ തന്നെ ഏറ്റവും തെരുവുനായ്ക്കളുളളത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ ജില്ലയായ കൊല്ലത്തു തന്നെയാണ്. വളർത്തു നായ്ക്കൾക്കും തെരുവുനായ്ക്കൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ് മികച്ച രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ പേവിഷ ബാധ ചെറുക്കാൻ സാധിക്കൂ. ഇതോടൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയകളിലൂടെ തെരുവുനായ്ക്കളുടെ പ്രത്യുൽപാദനം കുറയ്ക്കണം.
ഇനി വളർത്തുനായ്ക്കൾക്കു മൈക്രോ ചിപ്
ജില്ലയിൽ കോർപറേഷന്റെ സഹായത്തോടെയാണു വളർത്തു നായ്ക്കളുടെ ലൈസൻസ് സർട്ടിഫിക്കേഷൻ. വളർത്തു നായ്ക്കളിൽ പ്രതിരോധ കുത്തിവയ്പ് നടത്തി സർട്ടിഫിക്കറ്റ് നൽകുകയാണു പതിവ്. എന്നാൽ ഇനി മുതൽ സർട്ടിഫിക്കേഷനു പുറമേ നായയ്ക്കു മൈക്രോ ചിപ് ഘടിപ്പിക്കും.
മൈക്രോ ചിപ്പിലെ നമ്പർ വഴി ഉടമസ്ഥന്റെ വിവരങ്ങൾ റജിസ്റ്ററിൽ സൂക്ഷിക്കും. രോഗബാധിതരായ വളർത്തുനായ്ക്കളെ ഉടമസ്ഥർ ഉപേക്ഷിച്ചാൽ ചിപ് വഴി ഉടമസ്ഥനെ കണ്ടെത്താനും നടപടി സ്വീകരിക്കാനും സാധിക്കും. ഒക്ടോബർ അവസാനത്തോടെ ചിപ് ഘടിപ്പിക്കാനാവുമെന്നാണു കോർപറേഷൻ അധികൃതർ പറയുന്നത്. ഇതുവരെ 1,600 അപേക്ഷകളാണു കോർപറേഷനിൽ ലഭിച്ചിട്ടുള്ളത്.
ഒരു എബിസി സെന്ററും 73,000 തെരുവുനായ്ക്കളും
ജില്ലയിൽ ആകെ പ്രവർത്തിക്കുന്ന എബിസി സെന്റർ അഞ്ചാലുംമൂട്ടിലാണ്. ദിനംപ്രതി 12 മുതൽ 15 നായ്ക്കളെ ഈ സെന്ററിൽ വന്ധ്യംകരിക്കാനാവും. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 5 നാൾ നായ്ക്കളെ സെന്ററിൽ തന്നെ പരിപാലിക്കും. എന്നാൽ ഈ നിരക്കിൽ വന്ധ്യംകരണ ശസ്ത്രക്രിയകൾ പുരോഗമിച്ചാൽ തെരുവുനായ്ക്കളുടെ എണ്ണം പിടിച്ചു നിർത്താനാവില്ല. ഒരോ നഗരസഭയിലോ ജില്ലാ പഞ്ചായത്തിലോ ഒരു എബിസി സെന്റർ വീതം ഉണ്ടെങ്കിൽ മാത്രമേ നായ്ക്കളുടെ എണ്ണത്തെ നിയന്ത്രിക്കാനാവൂ.
കിളികൊല്ലൂർ, ശക്തികുളങ്ങര പുന്തലത്താഴം, ഇരവിപുരം എബിസികളിലും കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും കഴിഞ്ഞ ആറു മാസമായി വന്ധ്യംകരണ ശസ്ത്രക്രിയ നടക്കുന്നില്ല. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ നിർദേശപ്രകാരം എബിസി സെന്ററിൽ അടുക്കള, എസി തുടങ്ങിയവ കർശനമാക്കിയിരിക്കുകയാണ്. 2000 ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ സേവനവും പാചകക്കാരുടെ നിയമനവും നിർബന്ധം. സൗകര്യങ്ങൾ ഒരുക്കാനുള്ള ഫണ്ട് ലഭിക്കാത്തതിനാൽ എബിസി സെന്ററുകളുടെ കാര്യം അനിശ്ചിതത്വത്തിലാണ്. പുന്തലത്താഴത്തെ എബിസി സെന്റർ ഉടൻ പ്രവർത്തനക്ഷമമാക്കാനാണു ശ്രമം.
തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്
പേവിഷബാധ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് 100 ദിവസത്തിൽ 25,000 തെരുവുനായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് എന്ന ദൗത്യത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കൊല്ലം ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും. ഇന്നു 11നു ജില്ലാ പഞ്ചായത്ത് ഹാളിൽ കുത്തിവയ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിക്കും.
ഇതിനായി നായപിടുത്തക്കാരെയും വാക്സിനേറ്റർമാരെയും പ്രത്യേകം നിയോഗിക്കും. ഒരു കുത്തിവയ്പിനു നായപിടുത്തക്കാർക്കും വാക്സിനേറ്റർമാർക്കും നൽകുന്ന തുക അടക്കം 550 രൂപ ചെലവു വരും. കുത്തിവച്ച നായ്ക്കൾക്കു മേൽ തിരിച്ചറിയാനായി നീലയോ പച്ചയോ പെയിന്റടിക്കും. ഇതോടൊപ്പം കൊട്ടിയം പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയുമായി ചേർന്നു നായ്ക്കുട്ടികളെ ദത്തു നൽകുന്ന പദ്ധതിക്കും തുടക്കമാവും. പ്രതിരോധ മരുന്നുകൾ നൽകിയ 33 നാടൻ നായ്ക്കുട്ടികളെ ആവശ്യക്കാർക്കു ദത്തു നൽകും.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local