നിർമാണം പൂർത്തിയായി ഒരു വർഷമായിട്ടും കെട്ടിയടച്ച് റോഡ്

Mail This Article
കൊല്ലം ∙ ഒരു വർഷം മുൻപു നിർമാണം പൂർത്തിയായ കെഎസ്ആർടിസി ജംക്‌ഷൻ – ഓലയിൽ കടവ് റോഡ് സഞ്ചാരത്തിനു തുറന്നു കൊടുക്കാതെ കെട്ടിയടച്ച് സെക്യൂരിറ്റി ജീവനക്കാരനെ കാവൽ ഇരുത്തിയിരുക്കുകയാണ്. ഓലയിൽ കടവിൽ നിന്നു തോപ്പിൽ കടവു വരെയുള്ള നിർമാണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതാണ് റോഡ് തുറക്കാത്തതിനു കാരണം എന്നാണ് അധികൃതർ പറയുന്നത്.
കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ നിന്നാരംഭിച്ച് ഓലയിൽ കടവ് വരെ ഒരു കിലോമീറ്ററിൽ ഏറെ നീളമുള്ള റോഡ്, 90 മീറ്റർ മാത്രമാണ് കരയിലുള്ളത്. തുടർന്നു അഷ്ടമുടിക്കായലിനു മുകളിലൂടെ സമാന്തരമായി 940 മീറ്റർ നീളത്തിൽ പാലം നിർമിച്ചിരിക്കുകയാണ്. തോപ്പിൽ കടവ് വരെയാണ് കായലിനു മുകളിലൂടെ പാലം വിഭാവനം ചെയ്തിട്ടുള്ളത്.
2017ൽ 103 കോടി രൂപയ്ക്കാണ് ഓലയിൽ കടവു വരെയുള്ള നിർമാണത്തിന് കരാർ ഒപ്പിട്ടത്. 3 വർഷമായിരുന്നു നിർമാണ കാലാവധിയെങ്കിലും ഒരു വർഷം മുൻപാണു പണി പൂർത്തിയായത്. തെരുവുവിളക്ക് സ്ഥാപിക്കൽ, റോഡ് മാർക്കിങ്, ദിശാ ബോർഡ് സ്ഥാപിക്കൽ തുടങ്ങി മുഴുവൻ ജോലികളും പൂർത്തിയായി കഴിഞ്ഞ വർഷത്തെ ഓണത്തിനു മുൻപ് പാലം തുറന്നു കൊടുക്കാനായിരുന്നു ധാരണം. എന്നാൽ ഓലയിൽ കടവിൽ നിന്നു തോപ്പിൽ കടവു വരെയുള്ള നിർമാണത്തിന് അനുമതി ലഭിക്കാതെ റോഡ് തുറക്കേണ്ട എന്ന പിടിവാശിയിലാണ് ഭരണപക്ഷ രാഷ്ട്രീയ നേതൃത്വം.
റോഡ് തുറന്നാൽ താലൂക്ക് ഓഫിസ് ജംക്‌ഷൻ, ഇരുമ്പുപാലം, ഹൈസ്കൂൾ ജംക്‌ഷൻ എന്നിവിടങ്ങളിൽ തിരക്കിൽ പെടാതെ തേവള്ളി, കടവൂർ, അഞ്ചാലുംമൂട് ഭാഗത്തേക്കുള്ളവർക്കു ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപമെത്താൻ കഴിയും. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ്, തേവള്ളി ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ എത്തേണ്ടവർക്കും ഹൈസ്കൂൾ ജംക്‌ഷനിലെ തിരക്ക് ഒഴിവാക്കാനാകും.