ഇവയെ വീട്ടിൽ സൂക്ഷിച്ചാൽ ധനം കുന്നുകൂടും എന്ന് വിശ്വാസം; അറിഞ്ഞുകൊണ്ട് അബദ്ധത്തിൽ ചാടരുത് !

Mail This Article
അഞ്ചൽ ∙ വന്യജീവി സംരക്ഷണ നിയമത്തിലെ നൂലാമാലകൾ അറിഞ്ഞുകൊണ്ട് ഇരുതലമൂരികളെ പിടികൂടി കുരുക്കിലാകുന്നവരുടെ എണ്ണം കുറയുന്നില്ല. സംരക്ഷിത വനത്തിൽ സുരക്ഷിതരായി കഴിയുന്ന ഇവയെ പിടികൂടുന്നവർ വനം വകുപ്പിന്റെ പിടിയിലായാൽ കേസ് നടത്തി ഒടുവിൽ കുടുംബം വഴിയാധാരമാകുന്നത് പതിവായിട്ടും പിടികൂടുന്ന സംഘങ്ങൾ ഇപ്പോഴും സജീവം. അതി സമ്പന്നരാകാം എന്ന മോഹത്തിനു ഒടുവിലാണു പലരും അകത്താകുന്നത്.
നിയമപാലകരുടെ കണ്ണിൽ പെടാതെ ചിലർ രക്ഷപ്പെട്ട സംഭവങ്ങളാണു പലർക്കും പ്രചോദനമാകുന്നത്. അന്ധവിശ്വാസത്തിൽ അടിപ്പെട്ടുപോകുന്ന ചിലരാണു നിരുപദ്രവകാരിയായ ഈ ജീവിക്ക് വലിയ ’മാർക്കറ്റ് വാല്യു ’ ഉണ്ടാക്കുന്നത്. ഇവയെ വീട്ടിൽ സൂക്ഷിച്ചാൽ ധനം കുന്നുകൂടും എന്നാണു ചിലരുടെ വിശ്വാസം ! അതിനാൽ ലക്ഷങ്ങൾ വില നൽകി വാങ്ങാൻ ആളുകൾ റെഡി. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ഇത്തരം വിശ്വാസങ്ങൾ മനഃപൂർവം പ്രചരിപ്പിക്കുന്ന ആളുകളുണ്ട് എന്നതു നേരത്തേ നടന്ന അന്വേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
എറണാകുളം ,തൃശൂർ മേഖലയിലെ ചില റാക്കറ്റുകൾ ഇവയെ എന്തു വിലകൊടുത്തും വാങ്ങുകയും അതിന്റെ പതിന്മടങ്ങു വിലയ്ക്കു വിൽക്കുകയും ചെയ്യുന്നതായി വനം വകുപ്പിന് അറിവുള്ളതാണ്. എന്നാൽ അന്വേഷണവും നടപടിയും ഇരുതല മൂരികളുമായി കയ്യോടെ പിടിക്കപ്പെടുന്നവരിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. കഴിഞ്ഞ ദിവസം നിലമേൽ ജംക്‌ഷനു സമീപം 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary: Unveiling the Dark World of Wildlife Trafficking