ആ വഴിക്കു പോയിട്ടില്ല, പക്ഷേ കൃത്യമായി പിഴ വന്നു; ക്യാമറയിൽ കാണുന്ന വാഹനവും നവാസിന്റെ അല്ല!
Mail This Article
കൊല്ലം ∙ വാഹനം മാറി പിഴ അടിക്കുന്ന ‘പരിപാടി’ വീണ്ടും. പടിഞ്ഞാറെ കൊല്ലം മേടയിൽ മുക്കിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന തിരുമുല്ലവാരം സ്വദേശി എ.ആർ.നവാസിനാണ് കഴിഞ്ഞ ദിവസം ഓൺലൈനായി പിഴ നോട്ടിസ് ലഭിച്ചത്. ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചതായാണ് നോട്ടിസിൽ പറയുന്നത്. കൊട്ടിയത്തെ ക്യാമറയിലാണ് സ്കൂട്ടർ പതിഞ്ഞത്. അതാകട്ടെ കറുത്ത നിറത്തിലുള്ള സ്കൂട്ടർ.
നോട്ടിസിൽ പറയുന്ന ദിവസമോ, തൊട്ടടുത്ത ദിവസങ്ങളിലോ നവാസ് കൊട്ടിയത്ത് പോയിട്ടേയില്ല. മാത്രമല്ല, നവാസിന്റെ സ്കൂട്ടറിന്റെ നിറം മഞ്ഞയുമാണ്. പെറ്റി നോട്ടിസിനൊപ്പം ലഭിച്ച ചിത്രത്തിൽ താടി വച്ച യുവാവ് സ്കൂട്ടർ ഓടിക്കുന്നതായാണു കാണുന്നത്. ഇയാളെ നവാസ് കണ്ടിട്ടുപോലുമില്ല.
നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും നമ്പറുകളിൽ നമ്പർ പ്ലേറ്റുകൾ വ്യാജമായി നിർമിച്ചു വാഹനങ്ങളിൽ സ്ഥാപിക്കുന്ന പതിവുണ്ട്. ഇതും ഇത്തരത്തിലുള്ളതാണോയെന്നാണ് സംശയം. മോട്ടർ വാഹന വകുപ്പ് അധികൃതർക്കും പൊലീസിനും പരാതി നൽകാനൊരുങ്ങുകയാണ് നവാസ്.
English Summary: Kollam Resident Exposes Suspicious Fine Notice and Questions Authenticity