നമ്പർ പ്ലേറ്റിൽ കൃത്രിമം; 7 ബൈക്കുകൾ പിടികൂടി
Mail This Article
കൊട്ടാരക്കര∙ ക്യാമറ നിരീക്ഷണത്തിൽ നിന്നും പരിശോധനകളിൽ നിന്നും രക്ഷപ്പെടാനായി നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടിയ 7 ഇരുചക്രവാഹനങ്ങൾ പിടികൂടി. കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പത്തനാപുരം, പുനലൂർ താലൂക്കുകളിൽ നടത്തിയ വാഹന പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്.
തുടർ നടപടികൾക്കായി ഇവ കൊട്ടാരക്കര, പുനലൂർ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി.നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചും സൈലൻസറിൽ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെയും റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ പായുന്ന പ്രവണത കൂടിയതോടെയാണ് ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം പ്രത്യേക പരിശോധന നടത്തിയത്. നമ്പർ പ്ലേറ്റ് അഴിച്ചുവച്ചതും ഉള്ളിലേക്ക് മടക്കി വയ്ക്കുന്ന തരത്തിലുള്ള നമ്പർ പ്ലേറ്റ് പിടിപ്പിച്ചതും അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഇളക്കി മറ്റ് നമ്പറുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തി.
മോട്ടർ എൻഫോഴ്സ്മെന്റ് വെഹിക്കിൾ ഇൻസ്പെക്ടർ ബിനു.എൻ. കുഞ്ഞുമോൻ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ബിജോയ്, വി. ആർ.ലിജിൻ, ഡ്രൈവർ സുരേഷ് എന്നിവർ അടങ്ങിയ സ്ക്വാഡാണ് വാഹനങ്ങൾ പിടികൂടിയത്. പരിശോധനയും നടപടികളും തുടരുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എച്ച്. അൻസാരി അറിയിച്ചു.