ADVERTISEMENT

തെന്മല ∙ പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് 111.18 മീറ്ററായി ഉയർന്ന പശ്ചാത്തലത്തിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ ശ്രമം. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കാതെ വഴിയില്ലെന്നും വൃഷ്ടിപ്രദേശത്തു കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ ജാഗ്രത വേണമെന്നും കെഐപി അധികൃതർ കലക്ടറെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി കലക്ടർ ഇന്ന് അന്തിമ തീരുമാനമെടുക്കും.  24 മണിക്കൂർ മുന്നറിയിപ്പ് നൽകി അണക്കെട്ടിൽ നിന്ന് വെള്ളമൊഴുക്കാനാണു ശ്രമം. മിനിയാന്ന് 109.80 മീറ്റർ ആയിരുന്നു ജലനിരപ്പ്. 110.44 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയാൽ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുകയാണു പതിവ്. 

കഴിഞ്ഞദിവസം മുതൽ തുടരുന്ന ശക്തമായ തോരാമഴയിൽ അണക്കെട്ടിന്റെ പോഷകനദികളായ കല്ലടയാറ്റിലും കഴുതുരുട്ടി, ശെന്തുരുണി ആറുകളിലും കനത്ത നീരൊഴുക്കാണ്. ഇന്നലെ വൈകിട്ടോടെ മേഖലയിലെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വനമേഖലയിൽ കനത്ത മഴ തുടരുകയാണ്. കല്ലടയാർ തീരങ്ങൾ കവിഞ്ഞൊഴുകുമ്പോൾ തീരങ്ങളിലെ ജനങ്ങൾ ആശങ്കയിലായി. അണക്കെട്ട് തുറന്നു വെള്ളം ഒഴുക്കാതെ വൃഷ്ടിപ്രദേശങ്ങളിലെ ജലനിരപ്പ് കുറയില്ല. അണക്കെട്ടിന്റെ സംഭരണ ശേഷി (എഫ്ആർഎൽ) 115.82 മീറ്ററും പരമാവധി ജലനിരപ്പ് 116.73 മീറ്ററുമാണ്. 

പാലരുവി ജലപാതം  അടച്ചു

ആര്യങ്കാവ് ∙ വനം റേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രമായ പാലരുവി ജലപാതം താൽക്കാലികമായി അടച്ചു. കനത്ത മഴയിൽ ജലപാതയിൽ അതിശക്തമായ നീരൊഴുക്ക് ഉള്ളതിനാൽ ഇതിനു കുറവു വന്ന ശേഷം മാത്രമേ ജലപാതം തുറക്കൂ. മഴയുടെ ശക്തി കുറയുകയും ജലപാതത്തിൽ നീരൊഴുക്ക് അപകടരഹിതമാവുകയും ചെയ്ത ശേഷമേ സഞ്ചാരികളെ ജലപാതത്തിൽ പ്രധാന വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com