ട്രെയിൻ ടിക്കറ്റ് വേണോ? കെഎസ്ഇബി ഓഫിസിൽ വിളിച്ച് അപേക്ഷിക്കുക

Mail This Article
മൺറോതുരുത്ത് ∙ വൈദ്യുതി മുടങ്ങിയാൽ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം നിലയ്ക്കുന്നതായി പരാതി. വൈദ്യുതി മുടങ്ങുമ്പോൾ പോർട്ടബ്ൾ അൺറിസർവ്ഡ് ടിക്കറ്റിങ് മെഷീൻ നിശ്ചലം ആകുന്നതാണ് ടിക്കറ്റ് വിതരണം മുടങ്ങാൻ കാരണം. ഒന്നര ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ചതാണിത്. ചവറ കെഎംഎംഎല്ലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തിയത്. കഴിഞ്ഞ 14നാണ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്ത്. വൈദ്യുതി ഇല്ലാത്തപ്പോൾ മെഷീൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ബദൽ സംവിധാനം ഇല്ല. ഇതോടെ യാത്രക്കാരും സ്റ്റേഷൻ ഏജന്റും കുഴയും.
മെമു, ഇന്റർസിറ്റി, പാലരുവി ഉൾപ്പെടെ രണ്ടു ഭാഗത്തേക്കുമായി 22 ട്രെയിനുകൾക്കു മൺറോത്തുരുത്തിൽ സ്റ്റോപ് ഉണ്ട്. മൺറോത്തുരുത്ത് സ്റ്റേഷനിൽ നിന്ന് ഇന്ത്യയിൽ എല്ലാ ഭാഗത്തേക്കുമുള്ള ടിക്കറ്റുകൾ ലഭിക്കേണ്ടതാണ്. എന്നാൽ, വൈദ്യുതി മുടങ്ങുന്നതോടെ ബസിലോ അടുത്ത സ്റ്റേഷനിൽ ഇറങ്ങി ടിക്കറ്റ് എടുത്തോ യാത്ര തുടരേണ്ട സ്ഥിതിയാണ്. നിലവിൽ കെഎസ്ഇബി ആണ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി നൽകുന്നത്. പകരം, റെയിൽവേയുടെ തന്നെ വൈദ്യുതി ലഭ്യമാക്കിയാൽ പ്രശ്നപരിഹാരമാകും എന്നു പറയുന്നു. മറ്റ് ഉപകരണങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി റെയിൽവേ തന്നെയാണ് എത്തിച്ചിരിക്കുന്നത്.
കൂടാതെ സ്റ്റേഷനിൽ ഇന്റർനെറ്റ് സംവിധാനവും ലഭിച്ചിട്ടില്ല. അതിനാൽ സ്റ്റേഷൻ ഏജന്റ് പിയുടിഎസ് മെഷീൻ ദിവസവും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് അപ്ഡേറ്റ് ചെയ്യേണ്ട സ്ഥിതിയാണ്. നിലവിൽ ഓഫ്‌ലൈൻ ആയാണു മെഷീൻ പ്രവർത്തിക്കുന്നത്. ശാസ്താംകോട്ട സ്റ്റേഷനിൽ എത്തിച്ച് അതതു ദിവസത്തെ തീയതിയും സമയവും മെഷീനിൽ ക്രമീകരിച്ചാൽ മാത്രമേ ടിക്കറ്റ് വിതരണം ചെയ്യാൻ കഴിയൂ. ഇതിന് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ ബോർഡിൽ ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
''ടിക്കറ്റിങ് മെഷീൻ സംബന്ധിച്ചുള്ള പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. റെയിൽവേയുടെ തന്നെ വൈദ്യുതി ലഭ്യമായാൽ ടിക്കറ്റ് വിതരണം തടസ്സപ്പെടില്ല. പിയുടിഎസ് മെഷീൻ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി നൽകാൻ ആവശ്യപ്പെട്ട് റെയിൽവേ ബോർഡിന് കത്തു നൽകിയിട്ടുണ്ട്.''
-കൊടിക്കുന്നിൽ സുരേഷ് എംപി
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local