ഡിഡിഇ ഓഫിസിലേക്ക് അവഹേളന ഇ മെയിൽ; ആരെന്ന് അന്വേഷണം
Mail This Article
കൊല്ലം∙ ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുള്ള ഇ–മെയിൽ സന്ദേശം പതിവായി എത്തുന്നത് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ. കഴിഞ്ഞയാഴ്ച മാത്രം എത്തിയത് 4 ഇ–മെയിലുകൾ. അഞ്ചുവർഷത്തിലധികമായി അവഹേളന സന്ദേശം അയയ്ക്കുന്ന അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ ഓഫിസിൽ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാർ.
ഡിഡിഇയെ ഉദ്ദേശിച്ചാണ് ഈ സന്ദേശം എത്തുന്നതെങ്കിലും ഓഫിസിലെ ഓരോ വിഭാഗങ്ങളിലുളള മെയിലിലും ഈ സന്ദേശം ലഭിക്കും. സൈബർ സെല്ലിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമായില്ല. ചില ദിവസങ്ങളിൽ ഈ സന്ദേശം കലക്ടറുടെ ഓഫിസിലും എത്തും. മുൻ കലക്ടർ ഇതുമായി ബന്ധപ്പെട്ട് ഡിഡിഇയിൽ വിശദീകരണം തേടിയിരുന്നു.
ഡിഡിഇയുടെ ഓഫിസിൽ ജോലി ചെയ്യുന്നയാളാണ് ഇതിനു പിന്നിലെന്നു ജീവനക്കാർ സംശയിക്കുന്നു. ഈ ഓഫിസുമായി അടുത്ത ബന്ധമുള്ളയാണ് ഇ–മെയിലിനു പിന്നിലെന്ന് സന്ദേശത്തിലെ വാചകങ്ങളിൽ നിന്നു മനസ്സിലാകും. ആ ഓഫിസിലുള്ളവരെ കുറിച്ചാണ് അപവാദകഥകൾ ഇ–മെയിലിൽ എത്തുന്നത്.
സ്ഥലം മാറിപ്പോകുന്നയാളെ അടുത്ത മെയിലിൽ നിന്ന് ഒഴിവാക്കും. പുതിയതായി എത്തുന്നയാളെ അവഹേളനത്തിൽ ഉൾപ്പെടുത്തും. നേരത്തെ വ്യക്തിഹത്യ മാത്രമായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം എത്തിയ മെയിലിൽ ചില ജീവനക്കാരുടെ വീട്ടുകാരെക്കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നു. ആശ്രിത നിയമനം വഴിയെത്തിയവരെയാണ് കൂടുതലായും അവഹേളിക്കുന്നത്.
ഫാസ്റ്റ്മെയിലിൽ (kumar0@fastmail.tw) നിന്നാണ് മെയിൽ എത്തുന്നത്. ‘tw’ എന്നത് തായ്‌വാന്റെ കൺട്രി ഡൊമയിൻ കോഡാണ്. സ്ഥിരമായി ഫാസ്റ്റ്മെയിൽ ഉപയോഗിക്കുന്നവർ പ്രതിമാസം 3 മുതൽ 5 ഡോളർ വരെ നൽകണം. ഇത്രയും പണം മുടക്കി 5 വർഷത്തിൽ അധികമായി ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന അജ്ഞാതൻ ചില്ലക്കാരനല്ല. ആളെ പിടികിട്ടിയാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്ക് അടക്കം കേസെടുക്കാമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.