നമ്പർ പ്ലേറ്റ് മറച്ച് ഇരുചക്ര വാഹനയാത്ര; പിന്നിൽ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടുന്ന സംഘം: ഭീതിയോടെ ജനം
Mail This Article
പരവൂർ∙ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ നമ്പർ പ്ലേറ്റ് മറച്ച് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സംഘങ്ങൾ പരവൂരിൽ വ്യാപകം . യുവാക്കളും വിദ്യാർഥികളും ഉൾപ്പെടുന്ന സംഘം വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാസ്ക്കും പേപ്പറുകളും ഉപയോഗിച്ചാണ് മറയ്ക്കുന്നത് . പരവൂർ ബസ് സ്റ്റാൻഡ്, പരവൂർ-പാരിപ്പള്ളി റോഡിൽ യുഐഎം, സ്കൂൾ വിദ്യാർഥികൾ ബസ് കയറാൻ എത്തുന്ന കൂനയിൽ ജംക‍്ഷൻ എന്നിവിടങ്ങളിലാണ് ആഡംബര ബൈക്കുകളിൽ ഇത്തരക്കാരുടെ യാത്ര കൂടുതലും .
അവധി ദിവസങ്ങളിൽ കാപ്പിൽ റോഡ്, പൊഴിക്കര-താന്നി റോഡ് എന്നിവിടങ്ങളിലും നമ്പർ പ്ലേറ്റ് മറച്ച ബൈക്കുകളിൽ പായുന്നവർ കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരക്കേറിയ പാതകളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ഇത്തരക്കാർ വഴി യാത്രക്കാർക്കും മറ്റു വാഹനങ്ങളിൽ വരുന്നവർക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. റജിസ്റ്റർ നമ്പർ പ്ലേറ്റുകൾ മറച്ചിരിക്കുന്നതു കാരണം ഇത്തരക്കാരെ കണ്ടെത്താനും പ്രയാസമാണ്.
മോട്ടർ വാഹന വകുപ്പിന്റെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകളെയും പൊലീസിന്റെയും നഗരസഭയുടെയും നിരീക്ഷണ ക്യാമറകളെയും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതിലൂടെ ഇത്തരക്കാർക്ക് വേഗം കബളിപ്പിക്കാൻ സാധിക്കും. ഇരുചക്ര വാഹനങ്ങളിലെത്തി മാല പൊട്ടിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങളും ഇത്തരത്തിൽ എത്തുന്ന വാഹനങ്ങളിലാണ് നടക്കുന്നത്. പരവൂരിലും പരിസര പ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥികളടക്കം ഇവരുടെ ശല്യം നേരിട്ടു കൊണ്ടിരിക്കുകയാണ്.