കുന്നിനെ സംരക്ഷിക്കാൻ ദീപം തെളിച്ച് ഒത്തുകൂടി നാട്ടുകാർ

Mail This Article
കൊട്ടാരക്കര ∙ മണ്ണുമാഫിയയിൽ നിന്നു ശിവൻകുന്നിനെ രക്ഷിക്കാൻ കുന്നിനു മുകളിൽ ഒത്തുകൂടി ദീപം തെളിച്ച് നാട്ടുകാർ. കോട്ടാത്തല പെരുംകുളം ഗ്രാമങ്ങളുടെ അതിർത്തിയായ ശിവൻകുന്നിനെ സംരക്ഷിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു. കുന്നിനു സമീപത്തെ സ്ഥലങ്ങൾ മണ്ണുമാഫിയ വാങ്ങിക്കൂട്ടിയത് കോടികൾ വിലയുള്ള മണ്ണ് കടത്താനാണെന്നാണു നാട്ടുകാർ പറയുന്നു. രണ്ടാംഘട്ട സമരപരിപാടികൾ നടത്താനാണു കുന്ന് സംരക്ഷിക്കാൻ രൂപം കൊണ്ട ജനകീയ ജാഗ്രത സമിതിയുടെ തീരുമാനം.
എന്തു വിലകൊടുത്തും മണ്ണുമാഫിയയെ തടയുമെന്ന് ദീപം തെളിയിക്കൽ ഉദ്ഘാടനം ചെയ്ത കൺവീനർ എൻ.ബേബി പറഞ്ഞു. മനുഷ്യച്ചങ്ങല ഉൾപ്പെടെ സമരം നടത്തുമെന്ന് ജനകീയ ജാഗ്രതാസമിതി ഭാരവാഹികൾ പറഞ്ഞു. കോട്ടാത്തല, പെരുംകുളം,പള്ളിക്കൽ തുടങ്ങിയ മൂന്നു ഗ്രാമങ്ങളിലെ അഞ്ചോളം ഏലാകളിലെയും അഞ്ഞൂറോളം കുടുംബങ്ങളുടെ കിണറുകളിലെ കുടിവെള്ളത്തിന്റെയും സ്രോതസ്സാണ് ശിവൻകുന്ന്.