സ്ലാബ് തകർന്ന് റോഡിന്റെ മധ്യഭാഗത്ത് കുഴി, അറിയാത്ത മട്ടിൽ അധികൃതർ; കുഴിയിൽ സ്കൂട്ടർ വീണ് ഒരാൾക്ക് പരുക്ക്

Mail This Article
ചവറ∙ വട്ടത്തറ ഗുരുമന്ദിരം – പുത്തൻകാവ് റോഡിൽ ഓടയുടെ സ്ലാബ് തകർന്ന് മധ്യഭാഗത്ത് രൂപപ്പെട്ട കുഴി അപകടക്കെണിയാകുന്നു. ചവറ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡിൽ കുഴി രൂപപ്പെട്ടിട്ട് രണ്ട് മാസമായി. റോഡിൽ നിന്നും ഒന്നര മീറ്റർ താഴ്ചയിൽ 30 മീറ്ററോളം ദൂരത്തിലാണ് ഓട കടന്നുപോകുന്നത്. 70 വർഷത്തിലധികം പഴക്കമുള്ള ഓടയാണിതെന്ന് നാട്ടുകാർ പറയുന്നു. വാഹനയാത്രികർക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
ഏഴ് സ്കൂൾ ബസുകളാണ് ഇതുവഴി പോകുന്നത്. ഇതോടൊപ്പം ഭാരം കയറ്റിയ വാഹനങ്ങളും പോകുന്നുണ്ട്. പഞ്ചായത്ത് അധികൃതരോട് എറെക്കാലമായി നാട്ടുകാർ വിവരം ധരിപ്പിച്ചിരുന്നു. ഇതിനിടെ ഇന്നലെ ഇരുചക്രവാഹനം കുഴിയിൽ വീണു ഒരാൾക്ക് പരുക്കേറ്റു. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അധികൃതർ റോഡ് പൊളിച്ച് ഓട നവീകരിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി. തകർന്ന റോഡിനു ഇരുവശവും മണ്ണിട്ട് ഉയർത്തി ഗതാഗതം തടഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഉടൻ നവീകരണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
കുഴിയിൽ സ്കൂട്ടർ വീണ് ഒരാൾക്ക് പരുക്ക്
വട്ടത്തറ ഗുരുമന്ദിരം–പുത്തൻകാവ് ക്ഷേത്രം റോഡിലെ കുഴിയിൽ സ്കൂട്ടർ വീണു. ഒരാൾക്ക് പരുക്കേറ്റു. ചവറ വട്ടത്തറ ഇടപ്പുരയിൽ താജുദ്ദീനാ (65) ണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 10ന് ആയിരുന്നു സംഭവം. കൊട്ടുകാട് മാർക്കറ്റിൽ നിന്നും സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടർ കുഴിയിൽ വീണു മറിയുകയായിരുന്നു. റോഡിൽ തെറിച്ചു വീണു ഇദ്ദേഹത്തിന്റെ മുഖത്തും കയ്യിനും പരുക്കേറ്റു. നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.