2 വയസ്സുകാരൻ അഫ്രാൻ രാത്രി കുന്നിൽ മുകളിലെ റബർ തോട്ടത്തിൽ എങ്ങനെ എത്തി? ഇന്നും ദുരൂഹം!
Mail This Article
അഞ്ചൽ∙ രണ്ടര വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിന് ഒടുവിൽ അവിശ്വസനീയമായ തരത്തിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിന്റെ നടുക്കം തടിക്കാട് കാഞ്ഞിരത്തറ നിവാസികൾക്ക് ഇപ്പോഴും മാറിയിട്ടില്ല. 2022 ജൂൺ രണ്ടാമത്തെ ആഴ്ചയിലായിരുന്നു സംഭവം. കൊടിഞ്ഞമൂല പുത്തൻ വീട്ടിൽ ഫാത്തിമ വൈകിട്ട് നാലോടെ മകൻ അഫ്രാനുമൊത്ത് വീടിന്റെ പിന്നിലെ പറമ്പിൽ പോയി. അധികം അകലെയല്ലാതെ കളിച്ചുകൊണ്ടു നിന്ന അഫ്രാനെ പെട്ടെന്നു കാണാതാകുകയായിരുന്നു.
20 മിനിറ്റിനകം നാട്ടുകാർ സംഘടിച്ച് അന്വേഷണം ആരംഭിച്ചു. വൈകാതെ പൊലീസും അഗ്നിരക്ഷാ സേനയും എത്തി. ആയിരത്തോളം ആളുകൾ രാത്രി ഉറക്കമിളച്ചു അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്നു രാവിലെ ഏഴു മണിയോടെ വളരെ നാടകീയമായി കുട്ടിയെ കണ്ടെത്തുകയായിരുന്നു. വീടിന് ഏകദേശം ഒരു കിലോമീറ്റർ അകലെ റബർ എസ്റ്റേറ്റിൽ ഒറ്റയ്ക്കു നിന്ന അഫ്രാനെ കണ്ടെത്തിയതു എസ്റ്റേറ്റിലെ തൊഴിലാളി സുനിലാണ്.
തലേദിവസം രാത്രി നാട്ടുകാരും പൊലീസും അരിച്ചു പെറുക്കിയ സ്ഥലമാണിത്. പകൽ പോലും ആളുകൾ എത്താൻ പ്രയാസമുള്ള ഈ പ്രദേശത്ത് രാത്രി കുട്ടി ഒറ്റയ്ക്കു കഴിഞ്ഞു എന്നതു വിശ്വസീനയമല്ലെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നെങ്കിലും പൊലീസ് തുടർ നടപടി സ്വീകരിച്ചില്ല. 2 വയസ്സുകാരന് ഒരിക്കലും ഒറ്റയ്ക്കു നടന്നെത്താൻ കഴിയാത്ത കുന്നിൽ മുകളിലെ റബർ തോട്ടത്തിൽ അഫ്രാൻ എങ്ങനെ എത്തിയെന്ന ദുരൂഹത ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്.
കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലത്ത് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടു വനത്തിലേക്കു ഒാടി പ്പോയ ആളെ നാട്ടുകാർ പിടികൂടിയത് കഴിഞ്ഞ ഏപ്രിൽ 19ന് വൈകിട്ട് 6ന്. ഇയാൾക്ക് മാനസിക അസ്വാസ്ഥമുള്ളയാളെന്നു വ്യക്തമായതോടെ വിട്ടയച്ചിരുന്നു.
ഹാരിസൺ മലയാളം നാഗമല തോട്ടം ലയത്തിൽ മകൾ സാറാമ്മയോടൊപ്പം താമസിച്ചിരുന്ന അമ്മിണിയെ (70) കാണാതായിട്ടു 3 വർഷം. മകളോടൊപ്പം തൊട്ടടുത്ത ലയത്തിൽ പോയി വരുന്നതിനിടെ കാണാതായ അമ്മിണിയെ തിരയാൻ ഇനി ഇടമില്ല. പൊലീസിന്റെ വിവിധ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിൽ അമ്മിണിയുടെ തിരോധാനത്തെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. തുടർന്നു സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.
പത്തനാപുരം∙ കടശേരി മുക്കലംപാട് ലതിക വിലാസത്തിൽ രാഹുലിനെ(19) കാണാതായിട്ട് മൂന്ന് വർഷം പിന്നിട്ടു. വീട്ടിൽ ഉറങ്ങാൻ കിടന്ന രാഹുലിനെ പുലർച്ചെ മുതലാണ് കാണാതായത്. പൊലീസ്, വനം വകുപ്പ്, നാട്ടുകാർ എന്നിവർ സംയുക്തമായി ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. രാഹുൽ ഉപയോഗിച്ചു കൊണ്ടിരുന്ന ചെരിപ്പ് വരെ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.2020 ഓഗസ്റ്റ് 19നായിരുന്നു സംഭവം. ആദ്യം പത്തനാപുരം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസിൽ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.