കൊല്ലം – തിരുമംഗലം ദേശീയപാത: വൻമരങ്ങൾ അപകടകാരികൾ, വാഹനാപകടം പെരുകുന്നു
Mail This Article
പുനലൂർ ∙ വാഹനാപകടങ്ങൾ പെരുകുകയും ഒട്ടേറെപ്പേരുടെ ജീവനുകൾ പൊലിയുകയും ചെയ്തിട്ടും കൊല്ലം –തിരുമംഗലം ദേശീയപാതയിൽ ടാറിങ്ങിനോട് ചേർന്ന് അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനോ മറ്റ് സുരക്ഷ ഒരുക്കുന്നതിനോ ദേശീയപാത അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് പരാതി. കഴിഞ്ഞദിവസം ദേശീയ മെഡൽ ജേതാവും എസ്എപി ഹവിൽദാറുമായ കായിക താരം ഓംകാർ നാഥിന്റെ ബൈക്ക് ടാറിങ്ങിനോട് ചേർന്ന് നിന്ന് മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓംകാർ നാഥിന്റെ ജീവൻ നഷ്ടമായി.
മതിയായ തെരുവുവിളക്ക് സംവിധാനമില്ലാത്ത ഈ പാതയിൽ തമിഴ്നാട് അതിർത്തിയായ കോട്ടവാസലിനും പുനലൂരിലും ഇടയിൽ ഒട്ടേറെ മരങ്ങളാണ് ഇത്തരത്തിൽ നിൽക്കുന്നത്. റോഡിന്റെ വശത്ത് കാടുകയറി കിടക്കുന്നതിനാൽ രാത്രിയാത്രയിൽ റോഡിന്റെ അതിർത്തി കാണുന്നതിനും ബുദ്ധിമുട്ടാണ്. അതിർത്തി കടന്നെത്തുന്ന ചരക്കുലോറികൾ മിക്കവാറും ഡിം ലൈറ്റ് ഇടാതെയാണ് ഓടിക്കുന്നത്. ഈ സമയം ഇരുചക്ര വാഹനങ്ങൾ അടക്കം ചെറിയ വാഹനങ്ങളുടെ യാത്ര ഈ പാതയിൽ അപകടകരമാണ്. താലൂക്ക് വികസന സമിതിയിലും പി.എസ്. സുപാൽ എംഎൽഎ വിളിച്ചുചേർക്കുന്ന അവലോകന യോഗങ്ങളിലും ശബരിമല തീർഥാടനം സംബന്ധിച്ച യോഗത്തിലും അപകട ഭീഷണി ഉയർത്തി ദേശീയപാതയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നിരവധി തവണ തീരുമാനമെടുത്തിരുന്നതാണ്. എന്നാൽ അവയൊന്നും നടപ്പായി കാണുന്നുമില്ല.