കൊല്ലത്തെ തട്ടിക്കൊണ്ടു പോകൽ സംഭവം: ചിലരുടെ ഫോണുകൾ നിരീക്ഷണത്തിൽ
Mail This Article
കൊല്ലം / പത്തനംതിട്ട /തിരുവനന്തപുരം ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചന. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള നിറത്തിലുള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയെന്നു സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലരാണു കസ്റ്റഡിയിൽ. ഇയാൾക്കു വാഹനം വാടകയ്ക്കു കൊടുക്കുന്ന പതിവുമുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു ചില വിവരങ്ങൾ ലഭിച്ചെങ്കിലും വെള്ളക്കാറും കുട്ടിയുമായി കൊല്ലം നഗരത്തിലെത്തിയെന്നു പറയുന്ന നീല നിറത്തിലുള്ള വാഹനവും താമസിച്ച വീടും കണ്ടെത്താനായിട്ടില്ല. അറസ്റ്റ് വൈകാതെ ഉണ്ടായേക്കുമെന്നാണു സൂചന.
അതേസമയം, കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിനു പിന്നിൽ വൻ സാമ്പത്തിക ഇടപാടാണെന്നും വിവരമുണ്ട്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. അവിടെ ഇദ്ദേഹം ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് ഇന്നലെ തിരച്ചിൽ നടത്തി. അവിടെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്.
തട്ടിക്കൊണ്ടുപോകലിനു പിന്നിലെ ലക്ഷ്യം വിലപേശലാണോ പണം ഈടാക്കലാണോ എന്നു കണ്ടെത്താൻ പക്ഷേ പൊലീസിനു കഴിഞ്ഞിട്ടില്ല. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഐജി സ്പർജൻകുമാർ പറയുന്നു. 3 പേരുടെ രേഖാചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടു. ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മൊഴികളിൽ സംശയം തോന്നിയതോടെ ചിലരുടെ ഫോണുകളും നിരീക്ഷണത്തിലാക്കി. അതേസമയം, പൊലീസിന്റെ നിഗമനങ്ങൾക്കെതിരെ കുട്ടിയുടെ പിതാവും സംഘടനാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. 3 ദിവസമായി കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ കഴിയുകയായിരുന്ന കുട്ടിയെയും മാതാപിതാക്കളെയും സഹോദരനെയും ഇന്നലെ വീട്ടിലേക്ക് അയച്ചു. കുട്ടിയെ ഇതിനു മുൻപ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
പൊലീസ് തന്നെ ടാർഗറ്റ് ചെയ്യുന്നു എന്നു കുട്ടിയുടെ പിതാവ്
അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഒഴിവാക്കിയെങ്കിലും തുടർഘട്ടങ്ങളിൽ തന്നെ ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നതായി കുട്ടിയുടെ പിതാവ്. ‘പിന്നീട് അത് സംഘടനയിലേക്കു മാറി. പൊലീസ് അന്വേഷിക്കട്ടെ. അവർക്ക് അതിനുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ. എന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. പിതാവിന്റെയും മാതാവിന്റെയും പെൻഷൻ അക്കൗണ്ടും പൊലീസിനു നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ എന്താവശ്യമുണ്ടെങ്കിലും അതെല്ലാം നൽകാൻ ഞാൻ തയാറാണ്. ഒഇടി (ഒക്യുപേഷനൽ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച് എനിക്ക് എതിരായി ഏതെങ്കിലും പരാതിയുണ്ടെങ്കിൽ പൊലീസ് തെളിയിക്കട്ടെ. കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് രണ്ടു ദിവസം പിന്നിടുമ്പോൾ എന്നെ ടാർഗറ്റ് ചെയ്യുകയാണ് പൊലീസ്. ഞാൻ എസ്പി ഓഫിസിൽ ഇരിക്കുമ്പോഴാണ് എന്റെ കുഞ്ഞിനെ കണ്ടുവെന്ന വാർത്ത ഭാര്യ എന്റെ ഫോണിൽ വിളിച്ചറിയിക്കുന്നത്. എന്റെ സഹോദരൻ ബഹ്റൈനിലാണ്. അവർ നാട്ടിലെത്തുമ്പോൾ ഉപയോഗിക്കാനായുള്ള സിം കാർഡ് എന്റെ ഫോണിലാണുളളത്.–കുട്ടിയുടെ പിതാവ് പറഞ്ഞു.