ADVERTISEMENT

കൊല്ലം ∙ കാലിത്തീറ്റയുടെ വിലവർധനയും മറ്റു പ്രശ്നങ്ങളും മൂലം പ്രതിസന്ധിയിലായി ക്ഷീരകർഷകർ. കാലിത്തീറ്റയുടെ വില കൂടിയതോടെ പാലിനും പാൽ ഉൽപന്നങ്ങൾക്കും വില ലഭിക്കാതായതോടെ മേഖലയിൽ നിന്ന് പിൻവാങ്ങുകയാണ് കർഷകർ. പശുക്കളുടെ എണ്ണം കുത്തനെ കുറയ്ക്കുന്നവരും കുറവല്ല. ഉപജീവനത്തിനായി കന്നുകാലി വളർത്തലിനെ ആശ്രയിക്കുന്ന ചെറുകിട ക്ഷീരകർഷകർക്കും ഫാം ഉടമകൾക്കും ഇത് ഒരു പോലെ തിരിച്ചടിയാണ്. വർഷം ആയിരത്തിലേറെ കർഷകർ ക്ഷീരമേഖലയിൽ നിന്ന് കൊഴിഞ്ഞു പോകുന്നുവെന്നാണ് കണക്കാക്കുന്നത്. പാലിന് ഒരു വർഷത്തിനുള്ളിൽ 5 രൂപയോളമാണ് വർധന വന്നതെങ്കിൽ വിവിധ കമ്പനികൾ പുറത്തിറക്കുന്ന കാലിത്തീറ്റകൾക്ക് 250 രൂപയോളം വർധന ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വില കൂടുന്നതും ലഭ്യതയിൽ കുറവുണ്ടാവുന്നതുമാണ് കാലിത്തീറ്റയുടെ വില വർധിക്കാൻ കാരണം. എന്നാൽ ഉയർന്ന വില പിന്നീട് ഒരിക്കലും കുറയില്ലെന്നാണ് വെല്ലുവിളിയാവുന്നത്. 40–45 രൂപ നൽകിയാണ് ഒരു ലീറ്റർ പാൽ മിൽമ ക്ഷീരകർഷകരിൽ നിന്ന് ഏറ്റെടുക്കുന്നത്. ഒരു ലീറ്റർ പാലിന്റെ ഉൽപാദന ചെലവ് ഇതിലും കൂടുതലാണെന്നാണ് ക്ഷീരകർഷകർ ചൂണ്ടിക്കാണിക്കുന്നത്. 

കാലിത്തീറ്റയ്ക്ക് പുറമേ വൈക്കോൽ, കാൽസ്യം സപ്ലിമെന്റ്സ്, മരുന്നുകൾ തുടങ്ങിയവയ്ക്കും വില വർധിച്ചിട്ടുണ്ട്. പശുവിന്റെ ലഭ്യത കുറഞ്ഞതോടെ പുതിയ പശുവിനെ വാങ്ങണമെങ്കിലും വലിയ തുക കൊടുക്കേണ്ടി വരുന്നു. ക്ഷീരകർഷകർക്ക് ലഭ്യമായിരുന്ന പല ആനുകൂല്യങ്ങളും സബ്സിഡികളും ഓരോന്നായി സർക്കാർ നിർത്തലാക്കിക്കൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾ നൽകുന്നതിന് സമാനമായി ക്ഷീരകർഷകർക്ക് കൈത്താങ്ങ് നൽകുക എന്ന ലക്ഷ്യത്തോടെ ഒരു ലീറ്റർ പാലിന് 4 രൂപ സഹായം നൽകാൻ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ 2022 ജൂണിൽ ഒരു മാസം മാത്രമാണ് ഈ സഹായം ലഭിച്ചത്. പാലിന്റെ വില നിയന്ത്രണ വിധേയമായി പോകുമ്പോൾ കാലിത്തീറ്റയുടെ വില നിയന്ത്രണാതീതമായി ഉയരുകയാണെന്നാണ് ക്ഷീരകർഷകർ പറയുന്നത്. കാലിത്തീറ്റയ്ക്ക് വിലനിയന്ത്രണം ഏർപ്പെടുത്തുകയോ പ്രത്യേക സബ്സിഡി നൽകുകയോ ചെയ്യണമെന്നാണ് ആവശ്യം. കൊഴിഞ്ഞുപോക്ക് തടയാനും ക്ഷീരകർഷകരെ സംരക്ഷിക്കാനും അധികൃതരുടെ ഭാഗത്ത് നിന്നു യാതൊരുവിധ നടപടിയും ഉണ്ടാവുന്നില്ലെന്നാണ് പരാതി. മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ക്ഷീരമേഖലയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് വർധിക്കുകയും പൂർണമായും പാൽ, പാൽ ഉൽപന്നങ്ങൾക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം വരികയും ചെയ്യും. 

ജില്ലയ്ക്ക് ഒരു ദിവസം വേണ്ടത് 1.74 ലക്ഷം ലീറ്റർ പാൽ
കൊല്ലം ∙ ജില്ലയ്ക്ക് ഒരു ദിവസം 1.74 ലക്ഷം ലീറ്റർ പാലാണ് ആവശ്യമുള്ളത്. ഇതിൽ 1.26 ലക്ഷം ലീറ്റർ പാൽ ഇപ്പോൾ ജില്ലയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ആവശ്യമായി വരുന്ന ബാക്കി പാൽ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. 1,19,193 ഉരുക്കളാണ് ജില്ലയിൽ ആകെയുള്ളത്.  8658 എരുമകളും ഉൾപ്പെടെയാണ് ഈ കണക്ക്. കുളമ്പുരോഗം തുടച്ചു നീക്കാനായുള്ള പ്രതിരോധ കുത്തിവയ്പ് ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 4-ാം ഘട്ടമായി പശുക്കളെയും എരുമകളെയുമാണ് കുത്തിവയ്പിന് വിധേയമാക്കുക. 27 വരെ നീളുന്ന ക്യാംപെയ്നിലൂടെ ജില്ലയിലെ 68 പഞ്ചായത്തുകൾ, 4 നഗരസഭകൾ,  കോർപറേഷൻ എന്നിവിടങ്ങളിലാണ് പൂർണമായും സൗജന്യമായ കുത്തിവയ്പ് നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com