വീണ്ടും തട്ടിക്കൊണ്ടുപോകാൻ ശ്രമം? പരാതിയുമായി വിദ്യാർഥി; പൊലീസ് അന്വേഷണത്തിൽ സംഭവം നടന്നതായി കണ്ടെത്താനായില്ല

Mail This Article
തേവലക്കര ∙ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി ഏഴാം ക്ലാസുകാരൻ. പൊലീസ് അന്വേഷണത്തിൽ ഇങ്ങനെയൊരു സംഭവം നടന്നതായി കണ്ടെത്താനായില്ല. തേവലക്കര അരിനല്ലൂർ സ്വദേശിയായ 12കാരനാണ് വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയും ഒരു പകൽ മുഴുവൻ ഉത്കണ്ഠയുടെ മുൾമുനയിലാക്കിയത്. രാവിലെ സ്കൂളിലേക്കു പോകുന്നതിനിടെ കാറിലെത്തിയ സംഘം തന്നെ പിടിച്ചു വലിച്ചു കാറിൽ കയറ്റാൻ ശ്രമിച്ചതായും താൻ കുതറിയോടി സമീപത്തെ വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും ആണ് കുട്ടി പറയുന്നത്. നാട്ടുകാർ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഓയൂരിൽ നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ അന്വേഷണ സംഘത്തിലെ കരുനാഗപ്പള്ളിയിൽ നിന്നുള്ള സ്പെഷൽ സ്ക്വാഡും തെക്കുംഭാഗം പൊലീസും സ്ഥലത്ത് എത്തി വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും സ്ഥിരീകരിക്കാനായില്ല.
ഇതിനിടെ കുട്ടിയോടു വിവരങ്ങൾ ചോദിക്കുമ്പോൾ പൊലീസിനോടു പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതായി അറിയുന്നു. കുട്ടിയുടെ ഷർട്ടിന്റെ ബട്ടൺ പൊട്ടിയിട്ടും ഉണ്ട്. അടുത്ത വീട്ടിൽ ഓടിക്കയറിയതു സ്ഥിരീകരിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചോടെ പൊലീസ് അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും വിശദമായ വിവരം ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.