‘ഭീഷണി അംഗീകരിക്കില്ല’; ഇടതുപക്ഷ സർക്കാർ നടത്തുന്ന രാഷ്ട്രീയ അഭ്യാസ പ്രകടനമാണ് നവകേരള സദസ്സെന്ന് യുഡിഎഫ് യോഗം
Mail This Article
കരുനാഗപ്പള്ളി ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അതിന്റെ പ്രചാരണത്തിലും പങ്കെടുക്കുവാൻ താൽപര്യമില്ലാത്ത കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നഗരസഭ നേതൃത്വത്തിന്റെയും, കുടുംബശ്രീ അധികാരികളുടെയും നീക്കങ്ങളെ അംഗീകരിക്കുകയില്ലെന്നു യുഡിഎഫ് യോഗം.
ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇടതുപക്ഷ സർക്കാർ നടത്തുന്ന രാഷ്ട്രീയ അഭ്യാസ പ്രകടനമാണു നവകേരള സദസ്സെന്നും യോഗം ആക്ഷേപം ഉന്നയിച്ചു. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും അംഗീകരിക്കുകയില്ലെന്ന എൽഡിഎഫ് നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കുടുംബശ്രീ പ്രവർത്തകർക്ക് ലോൺ കൊടുക്കുകയില്ലെന്നും, മറ്റുള്ളവർക്കു തൊഴിൽ നഷ്ടപ്പെടുമെന്നുമുള്ള ഭീഷണി അംഗീകരിക്കുകയില്ല. ഭീഷണിപ്പെടുത്തി ലക്ഷങ്ങളുടെ പിരിവ് നടത്തുന്ന സമ്പ്രദായം അഭിലക്ഷണീയമല്ലെന്നും ഇത്തരം പ്രവർത്തികളിൽ നിന്ന് എൽഡിഎഫ് നേതൃത്വം പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം.അൻസാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.പി.സലിംകുമാർ, സിംലാൽ, ബീന ജോൺസൺ, റഹിയാനത്ത് ബീവി, എം.എസ്.ശിബു എന്നിവർ പ്രസംഗിച്ചു.
നവകേരള സദസ്സ്, ഹെൽപ് ഡെസ്ക്
കരുനാഗപ്പള്ളി ∙ ചവറ, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിൽ 19ന് എത്തുന്ന നവ കേരള സദസ്സിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുജനങ്ങൾക്കു പരാതികൾ സമർപ്പിക്കുന്നതിനു വേണ്ടിയുള്ള ഹെൽപ് ഡെസ്ക്കുകൾ താലൂക്കിലെ ഗ്രന്ഥശാലകളിൽ പ്രവർത്തനം തുടങ്ങുന്നു.താലൂക്ക് തല ഉദ്ഘാടനം പുള്ളിമാൻ ഗ്രന്ഥശാലയിൽ വച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.പി.ജയപ്രകാശ് മേനോൻ, ഡപ്യൂട്ടി തഹസിൽദാർ ആർ.അനീഷ്, ഗ്രന്ഥശാല സെക്രട്ടറി നാസർ, എം.സുരേഷ്കുമാർ, എ.സജീവ്, പി.ബ്രൈറ്റ്സൺ തുടങ്ങിയവർ പ്രസംഗിച്ചു. മുഴുവൻ ഗ്രന്ഥശാലകളിലും 12 നു മുതൽ പരാതികൾ തയാറാക്കി നൽകാനുള്ള ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനം ആരംഭിക്കും. എല്ലാ ഗ്രന്ഥശാലകളും പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. 15 നു സിവിൽ സ്റ്റേഷനു മുന്നിൽ സജ്ജമാക്കിയ നവ കേരള സ്ക്വയറിൽ സാംസ്കാരിക സംഗമം നടത്തും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും. 18 നു വൈകുന്നേരം എല്ലാ ഗ്രന്ഥശാലകളിലും നവ കേരള ദീപങ്ങൾ തെളിയിക്കും.