ADVERTISEMENT

കൊല്ലം∙ പരവൂർ മുൻസിഫ് കോടതി ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവം സിറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച ഉത്തരവ് സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാറാണ് പുറപ്പെടുവിച്ചത്. ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യുവിനാണ് അന്വേഷണച്ചുമതല.

കൂടാതെ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ (ഡിഡിപി) കെ.ഷീബയും അന്വേഷിക്കും. ഡിഡിപിതല അന്വേഷണത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയതായാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അനീഷ്യയെ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉന്നത ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ തുടങ്ങിയവരിൽ നിന്നു കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടർന്നാണ് അഭിഭാഷകരും രാഷ്ട്രീയകക്ഷികളും പ്രതിഷേധവുമായി രംഗത്തു വന്നത്. ഇതോടെയാണ് അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. 

ഇന്നലെ പരവൂർ സർക്കിൾ ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധനയും മൊഴിയെടുപ്പും നടത്തി. അനീഷ്യയുടെ ഭർത്താവ് മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത്ത് കുമാർ, സഹോദരൻ അനൂപ്, മാതാപിതാക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അനീഷ്യ ശബ്ദസന്ദേശങ്ങൾ അയച്ച മൊബൈൽ ഫോൺ, അനീഷ്യയുടെ കിടപ്പു മുറി എന്നിവയെല്ലാം പൊലീസ് സംഘം പരിശോധിച്ചു.

മൊബൈൽ ഫോൺ സൈബർ, ഫൊറൻസിക് പരിശോധനകൾ നടത്തിയാൽ മാത്രമേ കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളു. മരണ സംഭവിച്ചു 3 ദിവസമായിട്ടും അനീഷ്യ മാനസിക പീഡനം ആരോപിച്ച മേലുദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇതിനിടെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപിയും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകളും രംഗത്ത് എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com