ADVERTISEMENT

പരവൂർ∙ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപി എൻ.ഷിബുവിന്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തി. അനീഷ്യയുടെ ഭർത്താവ് മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത്ത് കുമാർ, പ്ലസ് വൺ വിദ്യാർഥിയായ മകൾ എന്നിവരിൽ നിന്നാണ് മൊഴിയെടുത്തത്.

മാതാപിതാക്കളുടെയും സഹോദരന്റെയും വീട്ടുജോലിക്കാരിയുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.അനീഷ്യയുടെ ആത്മഹത്യാക്കുറിപ്പടങ്ങുന്ന ഡയറി, ശബ്ദസന്ദേശങ്ങളുള്ള മൊബൈൽ ഫോൺ എന്നിവ പരവൂർ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നു സിറ്റി ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

അനീഷ്യ തൊഴിലിടത്തിൽ നേരിട്ട മാനസിക സമ്മർദത്തെക്കുറിച്ച് മാതാവും സഹോദരനും വിശദമായ മൊഴി നൽകിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് എസിപി എൻ.ഷിബു പറഞ്ഞു.

അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ എറണാകുളം ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബ പരവൂർ കോടതിയിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു.  ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശാനുസരണം ആണ് അന്വേഷണം. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം. 

സിബിഐ അന്വേഷണം നടത്തണം: കോൺഗ്രസ്
കൊല്ലം ∙ എപിപി അനീഷ്യയുടെ മരണത്തിനു പിന്നിലെ യഥാർഥ പ്രതികളെ പിടികൂടുന്നതിന് സിബിഐ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. അനീഷ്യയുടെ നെടുങ്ങോലത്തെ വസതിയിലെത്തി ഡിസിസി പ്രസിഡന്റ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കെപിസിസി മെംബർ നെടുങ്ങോലം രഘു, ഡിസിസി ജന. സെക്രട്ടറി എൻ.ഉണ്ണിക്കൃഷ്ണൻ, പാർലമെന്ററി പാർട്ടി ലീഡർ കെ.സുജയ്കുമാർ, മണ്ഡലം പ്രസിഡന്റ് എസ്.വി.ബൈജുലാൽ, പഞ്ചായത്തംഗം കെ.സുരേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com