ADVERTISEMENT

കൊല്ലം∙ രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. ജില്ല പ്രതീക്ഷയിലാണ്. ലോക സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകൾ, വിനോദ സഞ്ചാരം, മത്സ്യബന്ധനം, തുറമുഖം തുടങ്ങിയ മേഖലകൾ  പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.    എന്നാൽ ധനമന്ത്രിയുടെ സ്വന്തം ജില്ലയിൽ, മുൻ ബജറ്റുകളിലെ പ്രധാന പദ്ധതികൾ  കടലാസിൽ ഒതുങ്ങിയതു പോലെയാകുമോ എന്ന ആശങ്കയും ഉയരുന്നു. 

ഓഷ്യനേറിയം
കഴിഞ്ഞ ബജറ്റിലെ വമ്പൻ പ്രഖ്യാപനം ആയിരുന്നു സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം  കൊല്ലത്ത് സ്ഥാപിക്കും എന്നത്.  സമുദ്ര ഗവേഷണ പഠന കേന്ദ്രമായ ഇതിന്റെ ഒന്നാം ഘട്ട പ്രവർത്തനത്തിന് 300 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 15 ഏക്കർ സ്ഥലം എങ്കിലും ഇതിനു വേണ്ടിവരും. ഒരു വർഷത്തിനുള്ളിൽ ഒന്നാം ഘട്ടത്തിന്റെ പ്രവർത്തനം ആരംഭിക്കും എന്നായിരുന്നു ഉറപ്പ്. നാലാമത്തെ ബജറ്റ് അവതരിപ്പിക്കാ‍ൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. 

കല്ലുമാല സ്ക്വയർ 
കന്റോൺമെന്റ് മൈതാനത്ത് കല്ലുമാല സ്ക്വയറിന് 5 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. 1915 ഡിസംബറിൽ കന്റോൺമെന്റ് മൈതാനത്ത് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കല്ലുമാല ബഹിഷ്കരിക്കാൻ അയ്യങ്കാളി സ്ത്രീകളോട് ആവശ്യപ്പെട്ടത്.  ഇതിന്റെ സ്മാരകമായി സ്ക്വയർ നിർമിക്കും എന്നാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പായില്ല.

വെസ്റ്റ് കോസ്റ്റ് കനാൽ
കാസർകോട് ബേക്കൽ മുതൽ കോവളം വരെ 616 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമാണ് കൊല്ലം തോട്. കനാൽ സാമ്പത്തിക ഇടനാഴിയായി ഉയർത്തും, ജലപാതയോട് അനുബന്ധിച്ച് വിവിധ വികസന പദ്ധതികൾ നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. നവീകരണം പൂർത്തിയായെന്ന് പറഞ്ഞു  4 വർഷം മുൻപ് ഉദ്ഘാടനം ചെയ്തെങ്കിലും കൊല്ലം തോടിന്റെ ഒരു മേഖലയുടെ നവീകരണം ഇതുവരെ പൂർത്തിയായില്ല.

മറ്റു പ്രഖ്യാപനങ്ങൾ 
കൊല്ലത്തും കാസർകോട്ടും പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കുന്നതിന് 4 കോടി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ആഴക്കടൽ മത്സ്യബന്ധനത്തിനു ബോട്ട് വാങ്ങുന്നതിന് 70 ലക്ഷം രൂപവീതം 5% പലിശ നിരക്കിൽ വായ്പയായി നൽകുമെന്നു 10–പൈലറ്റ് അടിസ്ഥാനത്തിൽ 10 ബോട്ടുകൾ നൽകും എന്ന പ്രഖ്യാപനം ജലരേഖയായി. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനു 30 കോടി പ്രഖ്യാപിച്ചെങ്കിലും കാര്യമായ നേട്ടം ഉണ്ടായില്ല. കയർ , കൈത്തറി മേഖലകളുടെയും അവസ്ഥ ഇതാണ്.

ആദ്യ ബജറ്റ് മുതൽ  പ്രഖ്യാപനം മാത്രം
കൊല്ലം–കോവളം– മംഗലാപുരം– ബേപ്പൂർ–ഗോവ ടൂറിസം സർക്യൂട്ടിന് 5 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും സർക്കാർ അതു മറന്നു. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവി‍ൽ ശാസ്താ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള തീർഥാടക സർക്യൂട്ടും നടപ്പായില്ല.  കൊല്ലം ഉൾപ്പെടുന്ന ക്രൂസ് ടൂറിസം പദ്ധതി (5 കോടി), കരയിലും കായലിലും ഓടുന്ന ആംഫിബിയൻ വാഹനം.

(5 കോടി), അഷ്ടമുടിക്കായൽ, മൺറോതുരുത്ത്,കൊട്ടാരക്കര മീൻപിടിപാറ, മുട്ടറ മരുതി മല, ജടായുപ്പാറ എന്നിവ ബന്ധിപ്പിച്ചുള്ള ജൈവ വൈവിധ്യ സർക്യൂട്ട്, കുണ്ടറയിൽ കെഎസ്ആർടിസി സ്റ്റേഷൻ, കുണ്ടറ കെൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ഇലക്ട്രിക് വാഹന ഭാഗങ്ങളും മറ്റും വികസിപ്പിക്കുന്ന ഗ്രീൻ മൊബിലിറ്റി ടെക്നോളജി ഹബ്, ഐടി കോറിഡോർ വികസനത്തിന് 5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സൗകര്യം തുടങ്ങിയ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളും വിസ്മരിച്ചു. പടിഞ്ഞാറെ കല്ലടയിൽ 7 കോടി രൂപയുടെ ഫ്ലോട്ടിങ് സോളർ പദ്ധതിയും ഒഴുകിപ്പോയി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com