പുനലൂർ ബൈപാസ് നിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി
Mail This Article
പുനലൂർ ∙ നിർദിഷ്ട പുനലൂർ ബൈപാസ് നിർമാണത്തിനു ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത–ഹൈവേയും വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉറപ്പു നൽകിയതായി ചർച്ചയ്ക്കു ശേഷം പി.എസ്.സുപാൽ എംഎൽഎ അറിയിച്ചു. എൻഎച്ച്എഐ ജനറൽ മാനേജർ രജനീഷ് കപൂർ, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ (കേരളം) വിപിൻ മധു എന്നിവരെ തുടർ നടപടികൾക്കായി ചുമതലപ്പെടുത്തി. ദേശീയപാതയിലെ അപകടങ്ങളും മരണങ്ങളും ഒഴിവാക്കുന്നതിനും, പുതിയ ഗ്രീൻഫീൽഡ് പാത കമ്മിഷൻ ചെയ്യുന്നതോടു കൂടി പുനലൂരിൽ എത്താൻ ഇടയുള്ള ലക്ഷക്കണക്കിനു ശബരിമല തീർഥാടകർക്ക് അപകടരഹിതമായി ടൗണിലെ തിരക്കിൽ നിന്നൊഴിഞ്ഞ് യാത്ര ചെയ്യുന്നതിനുമായി നിലവിലെ കൊല്ലം-ചെങ്കോട്ട ദേശീയ പാതയ്ക്ക് സമാന്തരമായി തയാറാക്കിയ ബൈപാസ് പ്രപ്പോസൽ മന്ത്രി സ്വീകരിച്ചു.തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബൈപാസ് പദ്ധതിനിർവഹണം തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ ബൈപാസ് നിർമിക്കുന്നതിനുള്ള തുക അനുവദിക്കാമെന്നാണ് മന്ത്രി ഉറപ്പുനൽകിയത്. പി.സന്തോഷ് കുമാർ എം പി, വി.ആർ.സുനിൽകുമാർ എംഎൽഎ എന്നിവർ സന്ദർശനത്തിൽ എംഎൽഎയോടൊപ്പം പങ്കെടുത്തു. മന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
പിന്നിട്ടത് നീണ്ട കടമ്പകൾ
പുനലൂരിലെ ടൗൺ തിരക്ക് ഒഴിവാക്കുന്നതിനായി എൻഎച്ച് 744ന് സമാന്തരമായി പുതിയ റോഡ് നിർമിക്കുന്നതിന് പുനലൂർ ബൈപാസിന്റെ പ്രാഥമിക സാധ്യതാ പഠനം നടത്തി റിപ്പോർട്ട് 2020 ഡിസംബറിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. 2021-22 ലെ സംസ്ഥാന ബജറ്റിൽ ഈ പദ്ധതിക്കായി പിന്നീട് ടോക്കൺ പ്രൊവിഷൻ അനുവദിച്ചു. തുടർന്ന് 30 ലക്ഷം രൂപ ലഭ്യമാക്കുകയും പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിങ്ങിന്റെ നേതൃത്വത്തിൽ പൈനാപ്പിൾ ജംക്‌ഷൻ മുതൽ ഇടമൺ 34 വരെ പ്രാഥമിക സർവേ നടത്തി, സ്കെച്ചും ഡ്രോയിങ്ങും സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസൈനിങ് വിഭാഗം വിശദമായ അന്തിമ അലൈൻമെന്റ് നിശ്ചയിക്കുകയും പരിശോധനയ്ക്കായി മരാമത്ത് റോഡ് വിഭാഗത്തിന് കൈമാറുകയും ചെയ്തു.
പുനലൂർ ടൗണിലെ എൻഎച്ച് 744-ലും ഹിൽ ഹൈവേ റോഡിലും ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് എൻഎച്ച് 744 ലെ പൈനാപ്പിൾ ജംക്‌ഷനും ഇതേ പാതയിലെ ലെ ഇടമൺ ജംക്‌ഷനും തമ്മിലുള്ള 11.50 കി.മീ. ലിങ്ക് നിർദിഷ്ട പുനലൂർ ബൈപാസ്. പൈനാപ്പിൾ ജംക്‌ഷനും കോളജ് ജംക്‌ഷനും ഇടയിൽ ആരംഭിച്ച് തൊളിക്കോട് ജംക്‌ഷനിൽ മലയോര ഹൈവേ മറി കടന്ന് ഗ്രീൻഫീൽഡ് ഹൈവേയിലേക്കും ഇടമൺ ജംക്‌ഷനിലേക്കും ആകെ 11.500 കിലോമീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ നാലുവരിയായി നിർമിക്കാനുള്ള നിലയിലാണ് നിർദിഷ്ട ബൈപാസ് പ്രപ്പോസൽ. ഏകദേശം 55 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമായി 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ട്രാഫിക് നിരക്ക് കൂടും
ഭാവിയിൽ മലയോരഹൈവേയുടെ ഭാഗമാകേണ്ട പുനലൂർ-പൊൻകുന്നം, കെഎസ്ടിപി പാത കൂടി കമ്മിഷൻ ചെയ്യുന്നതോടെ ട്രാഫിക് നിരക്ക് കൂടുകയും അപകടസാധ്യത പല മടങ്ങായി വർധിക്കുകയും ചെയ്യുമെന്നു ആശങ്കയുണ്ട്. പാതയുടെ സുരക്ഷയെപ്പറ്റിയും അപകട സാധ്യത കുറയ്ക്കുന്നതിനും അടക്കം കാര്യങ്ങളെപ്പറ്റി പഠിച്ച നാറ്റ്പാക്ക് ഏജൻസിയുടെ റിപ്പോർട്ട്, ഈ പാതയിൽ അപകട സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാതയിൽ ചെയ്യേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപ്പായില്ല. കൊടും വളവുകളിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്. ചിലയിടങ്ങളിൽ വലിയ അപകട വളവുകൾ ഉണ്ട്. കൊക്കകൾ ഉള്ള വശത്ത് ഇനിയും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാനുണ്ട്. എൻഎച്ച് പാതയിലെ പൈനാപ്പിൾ ജംക്‌ഷൻ, ടിബി ജംക്‌ഷൻ, കെഎസ്ആർടിസി ജംക്‌ഷൻ, വാളക്കോട്, കലയനാട്, പ്ലാച്ചേരി, ഇടമൺ എന്നീ ഭാഗങ്ങളിൽ ഉൾപ്പെടെ മണ്ഡലത്തിൽ ദേശീയ പാതയിലാകെ കഴിഞ്ഞ 7 വർഷങ്ങളിലായി 850ൽ അധികം അപകടങ്ങളും 100ൽ അധികം മരണങ്ങളും ഉണ്ടായിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.