ADVERTISEMENT

പത്തനാപുരം ∙ പൊടിയടിച്ചു നടക്കാൻ വയ്യ, കുഴിയിൽ വീണിട്ട് വാഹനയാത്രയും പറ്റില്ല. വാഗ്ദാനങ്ങൾ മാത്രം ബാക്കിയായപ്പോൾ, ജർമൻ ടെക്നോളജി റോഡ് നാട്ടുകാർക്കു ഭാരമായി മാറി. മണ്ഡലത്തിലെ മറ്റു എഫ്ഡിആർ വർക്കുകളെ പോലെ ദുരിതത്തിലായിരിക്കും ഇതും അവസാനിക്കുകയെന്ന നാട്ടുകാരുടെ മുൻ വിധി ഇവിടെയും തെറ്റിയില്ല. ജനപ്രതിനിധികൾ നേരിട്ടെത്തി ഉറപ്പു നൽകിയാണ് പത്തനാപുരം – പുന്നല – കറവൂർ – അലിമുക്ക് റോഡ് നിർമാണം തുടങ്ങിയത്.

ഒരു മാസത്തിനുള്ളിൽ ടാറിങ് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് തുടങ്ങാൻ പോലും അധികൃതർ തയാറായിട്ടില്ല. പത്തനാപുരം – കറവൂർ വഴി അലിമുക്ക് വരെ 20 കിലോമീറ്റർ ദൂരമുണ്ട്. 10 ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പോകുന്ന ഈ റോഡാണ് പ്രദേശവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം.

രാവിലെ സ്കൂളിലേക്കെത്തുന്ന വിദ്യാർഥികളുടെ മേൽ ചെമ്മണ്ണ് പുതഞ്ഞിരിക്കും. വിദൂര സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവരുടെ അവസ്ഥയും മറ്റൊന്നല്ല. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും അധികൃതർ ചെവിക്കൊണ്ട മട്ടില്ല. 20 മിനിറ്റ് ഇടവിട്ട് കെഎസ്ആർടിസി ബസും സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന പാതയിൽ നൂറുകണക്കിനു വാഹനങ്ങളാണ് ഓടുന്നത്.

പത്തനാപുരം – അച്ചൻകോവിൽ പാതയുടെ ഭാഗമായതിനാൽ ഇക്കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർഥാടകരും ഏറെ വലഞ്ഞിരുന്നു. അച്ചൻകോവിൽ ക്ഷേത്രദർശനത്തിനു പോകുന്ന ഭക്തരുടെ അവസ്ഥയും ദയനീയമാണ്. ടാറിങ് നടത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com