കടക്കെണിയിൽ മുങ്ങി കേരളം തകരുന്നു: വി.ഡി.സതീശൻ

Mail This Article
കൊട്ടാരക്കര ∙ കേരളത്തിൽ പൂച്ചകൾക്കു പ്രസവിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഖജനാവ് ആണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്നി'ക്കു കൊട്ടാരക്കരയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു സതീശൻ. കടക്കെണിയിൽ മുങ്ങി കേരളം തകരുകയാണ്. സർക്കാരിന്റെ കൈയിൽ പണം ഇല്ല. സങ്കടങ്ങളുടെ പെരുമഴയാണ് യാത്രയ്ക്കിടെ ജനങ്ങളിൽ നിന്നു ലഭിക്കുന്നത്. കർഷകർ, പെൻഷൻകാർ, വന്യജീവി ആക്രമണം നേരിടുന്നവർ ഉൾപ്പെടെ എല്ലാവരും പരാതിയിലാണ്.ഇന്ത്യ നിലനിൽക്കണമോ എന്ന ചോദ്യമാണ് ഈ തിരഞ്ഞെടുപ്പിൽ ഉയരുന്നത്. രാജ്യത്ത് ഫാഷിസത്തിനും വർഗീയതയ്ക്കും എതിരെ പോരാടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വി.ഡി.സതീശനും നയിക്കുന്ന 'സമരാഗ്നി' ജാഥയ്ക്കു കൊട്ടാരക്കരയിൽ ആവേശകരമായ സ്വീകരണമാണു ലഭിച്ചത്. സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, ജെബി മേത്തർ, എംഎൽഎമാരായ ടി.സിദ്ദിഖ്, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, നേതാക്കളായ പഴകുളം മധു, വിശ്വനാഥ് പെരുമാൾ, കല്ലട രമേശ്, ദീപ്തി മേരി വർഗീസ്, എ.എൻ.ഷുക്കൂർ, സാജൻ ജേക്കബ്, പി.ഹരികുമാർ, ഏരൂർ സുബാഷ്, എം.എം.നസീർ, സി.ആർ.നജീബ്, അലക്സ് മാത്യു, കെ.ജി.അലക്സ്, കുളക്കട രാജു, റെജിമോൻ വർഗീസ്, വാക്കനാട് രാധാകൃഷ്ണൻ, ബ്രിജേഷ് ഏബ്രഹാം, ആർ.രശ്മി, സെനു തോമസ്, പാത്തല രാഘവൻ, സവിൻ സത്യൻ, കെ.എസ്.വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.