ADVERTISEMENT

വിളക്കുടി ∙ മണ്ണാങ്കുഴി റെയിൽവേ മേൽപാലം നിർമാണത്തിനായി റെയിൽവേക്ക് പണം കൈമാറൽ വൈകുന്നു. മാർച്ച് 31നകം പണം  കൈമാറുമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ പഞ്ചായത്ത് ഉറപ്പു നൽകിയിരുന്നത്.എംപിയുടെ ഇടപെടലിൽ ലഭിച്ച കൊച്ചിൻ ഷിപ്‌യാർഡിന്റെ പണം മാത്രമാണ് പഞ്ചായത്ത് അക്കൗണ്ടിലേക്ക് കൈമാറുന്നതിന് നടപടികൾ പൂർത്തിയായത്. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.50 കോടി രൂപ കൈമാറുന്നതിനു ധനവകുപ്പിൽ അപേക്ഷ നൽകിയെങ്കിലും നടപടികൾ നീളുകയാണ്.

ഈ തുക എത്തിയെങ്കിലെ പഞ്ചായത്ത് വിഹിതം കൂടി ചേർത്ത് റെയിൽവേക്കു പണം കൈമാറാനാകൂ. ഷിപ്‌യാർഡ്, എംഎൽഎ ഫണ്ട്, പഞ്ചായത്ത് തനത് ഫണ്ട് എന്നിവ ചേർത്ത് 3.55 കോടി രൂപയാണ് റെയിൽവേക്കു കൈമാറേണ്ടത്. എംഎൽഎ ഫണ്ട് എത്തിയാലുടൻ അടിയന്തര കമ്മിറ്റി കൂടി തനത് ഫണ്ട് അനുവദിച്ച് കൈമാറുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.2 പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ണാങ്കുഴി റെയിൽവേ മേൽപാലം പതിറ്റാണ്ടുകളായുള്ള സ്വപ്ന പദ്ധതിയാണ്.

മാർച്ച് 31 കഴിഞ്ഞാൽ ഷിപ്‌യാർഡിന്റെ പണം കൈമാറുന്നതിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുമെന്നാണു വിവരം.10 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി, റെയിൽവേക്കു കൈമാറൽ കഴിയുമോയെന്ന് ഉറപ്പില്ലെന്ന് ഉദ്യോഗസ്ഥരിൽ ചിലർ പറഞ്ഞു.സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പണം കൈമാറൽ വൈകാൻ ഇടവരുമെന്നും ഇവർ സൂചിപ്പിക്കുന്നു. അതേസമയം പദ്ധതി വൈകിപ്പിക്കാൻ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നടത്തുന്ന ശ്രമങ്ങളാണ് നടപടി വൈകാൻ കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ധനവകുപ്പുമായി ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കാൻ പഞ്ചായത്ത് യാതൊരു ശ്രമവും നടത്തുന്നില്ല.പഞ്ചായത്ത് തനത് ഫണ്ട് കൈമാറുന്നതിന് അനുമതി നൽകാൻ അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ചേരുമെന്ന് ഉറപ്പു നൽകി ആഴ്ചകൾ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ നടപടിയില്ല.പ്രദേശവാസികളെ വഞ്ചിക്കാനാണു പഞ്ചായത്തിന്റെ നീക്കമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, വൈ.പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, ആർ.അജയകുമാർ, ആശ ബിജു, ഷിഹാബുദ്ദീൻ, എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com