കനാൽ വഴി വെള്ളം എത്തി;നാട്ടുകാർക്ക് ആശ്വാസമായി
Mail This Article
കൊട്ടിയം∙ കൊട്ടിയം, ഉമയനല്ലൂർ ഭാഗങ്ങളിൽ കെഐപി കനാൽ വഴി ഇന്നലെ പുലർച്ചെയോടെ വെള്ളം ഒഴുകിയെത്തി തുടങ്ങി. പല കിണറുകളിലും ഇതോടെ 2 മുതൽ 3 തൊടി വരെ വെളളം ലഭിച്ചു. വേനൽ കടുത്തതോടെ കിണറുകൾ വറ്റി വരളുകയും ജലവിതരണ പദ്ധതി വഴി ലഭിച്ചിരുന്ന ജലം പല കാരണങ്ങളാൽ ലഭിക്കാതെ വരികയും ചെയ്തതോടെ ജനം വലയുകയായിരുന്നു. പ്രാഥമിക ആവശ്യത്തിന് പോലും വെള്ളം ലഭിക്കാതെ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. സാധാരണ ജനുവരി ആദ്യ ആഴ്ചയിൽ തുറന്നു വിടുന്ന കെഐപി കനാൽ ഇത്തവണ ഏറെ വൈകിയാണ് തുറന്നത്.
കഴിഞ്ഞ ആഴ്ച കണ്ണനല്ലൂർ, ചാത്തന്നൂർ മേഖലകളിൽ വെള്ളം എത്തിയിരുന്നു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിരന്തരം പൈപ്പ് പൊട്ടി വെള്ളം പാഴായതോടെ കൊട്ടിയം, ആലുംമൂട്, മയ്യനാട്, ഉമയനല്ലൂർ ഭാഗങ്ങളിൽ വെള്ളം ലഭിക്കുന്നത് കുറവായിരുന്നു. ജലവിതരണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി 2 ദിവസം മുൻപ് യൂത്ത് കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി ജലവിഭവ വകുപ്പ് ഒാഫിസ് ഉപരോധിച്ചു. പിന്നീട് കെഐപി ഒാഫിസിലെത്തി കനാൽ വഴി വെള്ളം എത്തിക്കണമെന്ന് നിവേദനം നൽകിയിരുന്നു.