ADVERTISEMENT

കൊല്ലം∙ ഉച്ചവെയിലിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങിയപ്പോഴാണ് മുണ്ടയ്ക്കൽ കാക്കത്തോപ്പ് നിത്യസഹായ മാതാ പള്ളിക്ക് സമീപം മരത്തണലിലേക്ക് അവർ പതിവു പോലെ എത്തിയത്. കട്ടമരത്തിൽ മത്സ്യബന്ധനത്തിനു പോകുന്നവരും വലയുടെ പണി ചെയ്യുന്നവരും പൊതുപ്രവർത്തകരും ഒക്കെയുണ്ട്. വർത്തമാനം പറഞ്ഞിരിക്കാൻ, മണൽ പാകിയ മരച്ചുവട്ടിൽ  തെങ്ങിൻ തടിയുണ്ട്.

‘ഇലക്‌ഷൻ അർജന്റ്’ എന്നെഴുതിയ വാഹനത്തിൽ വന്ന ഉദ്യോഗസ്ഥർ അവരുടെ അടുത്തെത്തി. ഒരു മുന്നണിയുടെ നേതാവിനെ തിരക്കി. മത്സ്യത്തൊഴിലാളികൾ ഒരു പ്രാദേശിക നേതാവിന്റെ നമ്പർ നൽകി. സ്ഥാനാർഥിക്കു വോട്ട് അഭ്യർഥിച്ച് ടാർ ചെയ്ത റോഡിൽ  എഴുതിയിരിക്കുന്നതു മായ്ക്കുന്നതിനാണ് നേതാവിന്റെ നമ്പർ വാങ്ങിയത്. ഇതോടെ മത്സ്യത്തൊഴിലാളികളുടെ ചർച്ച തിരഞ്ഞെടുപ്പിലേക്ക് കടന്നു. 

കരയ്ക്കും കാറ്റിനും കടലിനും ചൂട് ആണെങ്കിലും തീരദേശത്ത് തിരഞ്ഞെടുപ്പു പ്രചാരണം അത്ര ചൂടായില്ലെന്ന അഭിപ്രായമാണ് അവർക്ക്. നാട്ടിൽ വലിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിലും അതൊന്നുമല്ല അവരുടെ പ്രധാന പ്രശ്നം. പെൻഷൻ കിട്ടിയിട്ട്  7 മാസമായെന്ന് 71 കാരനായ ഫ്രാൻസിസ്. തീരദേശ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതും അതിനു ലഭിക്കുന്ന നഷ്ടപരിഹാര തുകയും സംബന്ധിച്ച് ആശങ്ക ഉണ്ടെന്ന് പ്ലമിങ് ജോലിക്കാരനും പൊതുപ്രവർത്തകനുമായ ജയൻ മൈക്കിൾ. സങ്കീർണമായ അവസ്ഥയാണ് ഇപ്പോൾ. കടലിൽ കാലാവസ്ഥ എപ്പോഴും മാറാം. മുൻപ് മത്സ്യത്തൊഴിലാളികൾക്ക് മാറ്റം നേരത്തെ മനസ്സിലാകുമായിരുന്നു. ഇപ്പോൾ അതല്ല അവസ്ഥയെന്നു ജയൻ പറഞ്ഞു.

മത്സ്യബന്ധനത്തിനു പോയാൽ കാപ്പി കുടിക്കാനുള്ള കാശു പോലും കിട്ടുന്നില്ലെന്നു കട്ടമര തൊഴിലാളിയായ ഏണസ്റ്റ് ബെഞ്ചമിൻ. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ഇറങ്ങാറില്ല. വിശ്വാസമുള്ള പാർട്ടിക്കു വോട്ടു  ചെയ്യും.– ഏണസ്റ്റ് പറഞ്ഞു. മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായ മൈക്കിൾ ജോർജിന് ഒരു മാസമായി തൊഴിൽ ഇല്ലാത്തതാണ് പറയാനുള്ളത്. കടലിലും കായലിലും ജോലിയില്ലാതെ ദയനീയമാണ് മത്സ്യത്തൊഴിലാളിയുടെ അവസ്ഥ എന്ന്  എഡിസൺ ആൽബർട്ട്. തീരം ഇല്ലാതാകുന്നതിന്റെ ആശങ്കയാണ് വലപ്പണിക്കാരനായ ആന്റണി മൈക്കിൾ പ്രകടിപ്പിച്ചത്. 

തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ ആവേശമല്ല, നിത്യജീവിതത്തിലെ പ്രതിസന്ധികളാണ് അവരുടെ ചൂടുള്ള ചർച്ച. മടങ്ങുമ്പോൾ, വർഷങ്ങൾക്കു മുൻപ് കരയ്ക്കടിഞ്ഞ കപ്പലിന്റെ അവശേഷിപ്പിൽ പതിച്ച സ്ഥാനാർഥിയുടെ ചിത്രങ്ങൾ ചുരണ്ടി മാറ്റുകയായിരുന്നു, നേരത്തെ ഫോൺ നമ്പർ വാങ്ങിയ ഉദ്യോഗസ്ഥൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com