ADVERTISEMENT

കുണ്ടറ (കൊല്ലം)∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയ കൊല്ലം ലോക്സഭാ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതിനെത്തുടർന്നു സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് 12 നാണു സംഭവം.  എബിവിപി - എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റവും സംഘർഷവും അര മണിക്കൂറോളം നീണ്ടു. അധ്യാപകരും പൊലീസും ഇടപെട്ടു രംഗം ശാന്തമാക്കിയ ശേഷമാണു കൃഷ്ണകുമാറിനു പ്രസംഗിക്കാനായത്. 

പ്രചാരണമല്ല, കൃഷ്ണകുമാറിനെക്കൊണ്ടു കോളജിലെ കായിക മത്സര വിജയികൾക്കു സമ്മാനവിതരണം നടത്താനുള്ള എബിവിപി ശ്രമമാണു  തടഞ്ഞതെന്ന് എസ്എഫ്ഐ പറയുന്നു. എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് മുൻപു കലാമത്സര വിജയികൾക്കുള്ള  സമ്മാനവിതരണം നിർവഹിച്ചിരുന്നു. ഇതു തിരഞ്ഞെടുപ്പിനു മുൻപു പ്രഖ്യാപിച്ച പരിപാടിയാണെന്നാണ് എസ്എഫ്ഐ വാദം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനും ക്യാംപസിൽ എത്തിയിരുന്നു.

ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയ കൊല്ലം ലോക്സഭ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടയുന്നു.
ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയ കൊല്ലം ലോക്സഭ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടയുന്നു.

കൃഷ്ണകുമാറിനെതിരെ നടപടി വേണം: എസ്എഫ്ഐ
കൊല്ലം ∙ ചന്ദനത്തോപ്പ് ഐടിഐ കോളജ് യൂണിയൻ പൊതുപരിപാടിയിൽ അതിക്രമിച്ചു കടന്നു സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച എൻഡിഎ സ്ഥാനാർഥികൃഷ്ണകുമാറിനും പ്രവർത്തകർക്കും എതിരെ പൊലീസും തിരഞ്ഞെടുപ്പ് വരണാധികാരിയും നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോളജ് യൂണിയൻ സംഘടിപ്പിച്ച ഐടിഐ സ്പോർട്സിൽ മത്സര വിജയികൾക്കു പ്രിൻസിപ്പൽ സജീവ് സമ്മാനദാനം നിർവഹിക്കാനാണു തീരുമാനിച്ചത്.  എന്നാൽ,  എബിവിപി പ്രവർത്തകർ ബിജെപി കൊല്ലം പാർലമെന്റ് സ്ഥാനാർഥിയെ ഉദ്ഘാടകനായി പ്രഖ്യാപിക്കുകയും ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതികളെയും ആർഎസ്എസ് പ്രവർത്തകരെയും കൂട്ടി കോളജിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകമാണു ചെയ്തതെന്ന് ഇവർ പറഞ്ഞു. 

എസ്എഫ്ഐയുടേത് ഗുണ്ടായിസം: എൻഡിഎ
കൊല്ലം ∙ ചന്ദനത്തോപ്പ് ഗവ. ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്ഐ നടപടി ജനാധിപത്യ വിരുദ്ധമാണന്ന് എൻഡിഎ ലോക്സഭ മണ്ഡലം ചെയർമാൻ ഗോപകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഗുണ്ടായിസത്തിലൂടെ തടയാൻ ശ്രമിച്ച എസ്എഫ്ഐ ഗുണ്ടകൾ എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും ചെയ്തു. എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും കൃഷ്ണകുമാറിനെ തടയുകയും ചെയ്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി കൊല്ലത്ത് എത്തും
കൊല്ലം∙ തിരഞ്ഞെടുപ്പു പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്ത് എത്തുമെന്ന് എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. സംസ്ഥാനത്ത് കൊല്ലം ഉൾപ്പെടെ 4 സ്ഥലങ്ങളിൽ കൂടി പ്രധാനമന്ത്രിയെ പ്രചാരണത്തിന് ക്ഷണിച്ചിട്ടുണ്ട്. കൊല്ലത്ത് ഉറപ്പായി എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷം ഒന്നിനും പരിഹാരമല്ല. രാവിലെ  പ്രേമചന്ദ്രനും എം. മുകേഷും ഞാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു തമാശകൾ പറഞ്ഞു കൈകൊടുത്തു പിരിഞ്ഞ ശേഷമാണു പ്രചാരണത്തിനായി ഇറങ്ങിയത്. ഞങ്ങൾക്കില്ലാത്ത എന്തു പ്രശ്നമാണു വിദ്യാർഥികൾക്കുള്ളത്. പ്രേമചന്ദ്രനും മുകേഷും വോട്ട് ചോദിച്ചു വന്നതു പോലെയാണു ഞാനും കോളജിൽ എത്തിയത്. അവരെ ആരും തടഞ്ഞില്ല. വടക്കൻ സംസ്ഥാനങ്ങളെ നോക്കി ഫാഷിസം എന്നു പരാതി പറയുന്നവർ ഇപ്പോൾ കാണിക്കുന്നതാണു യഥാർഥ ഫാഷിസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com