സബ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം; കെ ഫോൺ കേബിൾ കത്തി
Mail This Article
പാരിപ്പള്ളി ∙ കുളമട 110 കെവി സബ് സ്റ്റേഷൻ വളപ്പിൽ കെ ഫോൺ കേബിൾ സംഭരിച്ചിരുന്ന സ്ഥലത്ത് വൻ തീപിടിത്തം. വൻ തോതിൽ ഒപ്റ്റിക് ഫൈബർ കേബിൾ കത്തി നശിച്ചു. സബ് സ്റ്റേഷനിലേക്ക് തീപടരുന്നതു തടഞ്ഞതിനാൽ വൻ അത്യാഹിതം ഒഴിവായി.ഇന്നലെ പകൽ 11.20നാണ് അഗ്നിബാധ ഉണ്ടായത്. സബ് സ്റ്റേഷന്റെ രണ്ടാമത്തെ ഗേറ്റിനു സമീപം യാഡിന് ചേർന്നാണ് കെ ഫോൺ ഒപ്റ്റിക് കേബിൾ റോളുകൾ സൂക്ഷിക്കുന്നത്. ഇവിടെ നിന്നും പുകയും തീയും ഉയരുന്നത് കണ്ട ഉടൻ കെഎസ്ഇബി ജീവനക്കാർ അഗ്നിശമന സംവിധാനം ഉപയോഗിച്ചു സബ് സ്റ്റേഷനിലേക്കു തീ പടരുന്നത് തടഞ്ഞു.
ഇതിനിടെ കല്ലമ്പലം, പരവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ പടരുന്നത് നിയന്ത്രിച്ചു. രണ്ടു മണിക്കൂറോളം നടത്തിയ തീവ്രശ്രമത്തിലാണ് തീ കെടുത്തിയത്.സബ് സ്റ്റേഷൻ, കെഎസ്ഇബി പാരിപ്പള്ളി സെക്‌ഷൻ ഓഫിസ്, ക്വാർട്ടേഴ്സുകൾ എന്നിവ സമീപത്ത് സ്ഥിതി ചെയ്യുന്നുണ്ട്. സബ് സ്റ്റേഷനിലേക്കു കുണ്ടറ ഫീഡറിൽ നിന്നും എത്തുന്ന വൈദ്യുതി വിഛേദിച്ചു. കല്ലമ്പലം സ്റ്റേഷൻ ഓഫിസർ എസ്.പി.അഖിൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പ്രദീപ് കുമാർ, വിനീഷ് കുമാർ, സജിം, എം.അരവിന്ദൻ, എൻ.അൽ. അനീഷ, സജി കുമാർ, അരവിന്ദ്, ശംബു, നിതേഷ്, അന്തു, നിഷാന്ത്, സണ്ണി, സലിം, ദേവസ്യ, സുജിത്ത് എന്നിവർ നേതൃത്വം നൽകി.