നാന്തിരിക്കൽ സൂനാമി ജല വിതരണ പദ്ധതി; ശുദ്ധജലം വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞില്ല'

Mail This Article
പെരിനാട്∙ പുതിയ കിണർ കുഴിക്കുകയും പമ്പ് അനുവദിക്കുകയും ചെയ്തിട്ടും നാന്തിരിക്കലിൽ പദ്ധതി വഴി ശുദ്ധജല വിതരണം ഇതുവരെ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. നാന്തിരിക്കൽ സൂനാമി ജല വിതരണ പദ്ധതിയാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്.
കിണറിന്റെ അടിത്തട്ടിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പമ്പ് പ്രവർത്തന രഹിതമായാണു ജല വിതരണം തടസ്സപ്പെട്ടത്. അതോടെ പദ്ധതിയുടെ പരിധിയിൽ വരുന്ന നാന്തിരിക്കൽ, പാലവിള, ഏഴാംകുറ്റി, തൊണ്ടിറിക്ക് മുക്ക്, സ്റ്റാർച്ച് മുക്ക്, ചിറക്കോണം ഭാഗങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങി.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ച് പുതിയ കിണറിന് നിർദേശിച്ചു. ഭൂഗർഭ ജല വകുപ്പ് കിണർ കുഴിക്കുകയും പുതിയ പമ്പ് അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പമ്പ് സ്ഥാപിച്ച് ജല വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണു പമ്പ് സ്ഥാപിക്കാൻ കഴിയാത്തത് എന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചാൽ മാത്രമേ പമ്പ് സ്ഥാപിക്കാൻ കഴിയൂ. അതിനായി ജോയിന്റ് ഡയറക്ടർ വഴി ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഉടൻ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് വിദ്യ ജയകുമാർ പറഞ്ഞു.