ADVERTISEMENT

കൊല്ലം∙ മണിക്കൂറുകൾ തകർത്തു പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളും ദേശീയപാതയും വെള്ളക്കെട്ടായി മാറി. ഞായർ രാത്രിയും ഇന്നലെ പുലർച്ചെയും പെയ്ത മഴയാണ് ജന ജീവിതം ദുസ്സഹമാക്കിയത്. എന്നാൽ, വേനൽ മഴ ശക്തിപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ അധികൃതർ അറിയിച്ചു. എട്ട് വീടുകൾ ഭാഗികമായി തകർന്നെന്നാണ് കണക്ക്. 

കുളമായി ദേശീയപാത 66
ദേശീയ പാതയിൽ മേവറം ജംക്‌ഷനിലെ റോഡിലും വെള്ളം ഉയർന്നു. മഴക്കാലമായതോടെ കൊട്ടിയം ജംക്‌ഷനിൽ  വിവിധ വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി വാഹനങ്ങളിൽ എത്തുന്നവർ സർവീസ് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ ഇവിടെ മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി. നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും ഇല്ലാതായതോടെ രാവിലെ മണിക്കൂറോളമായിരുന്നു ഗതാഗതക്കുരുക്ക്.  ഗതാഗതം തിരിച്ചു വിട്ട സർവീസ് റോഡുകൾ തകർന്നു കിടക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.

വെള്ളം കെട്ടി നിൽക്കുന്നതിനാൽ റോഡിലെ കുഴികൾ തിരിച്ചറിയാൻ കഴിയുന്നില്ല. പാരിപ്പള്ളി കടമ്പാട്ടുകോണത്തിനു സമീപം, പാരിപ്പള്ളി വില്ലേജ് ഓഫിസ് ജംക്‌ഷൻ, കല്ലുവാതുക്കൽ ജംക്‌ഷൻ, കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ, ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം, പെട്രോൾ പമ്പ്, തിരുമുക്ക് തുടങ്ങിയ ഭാഗങ്ങൾ വെള്ളക്കെട്ടും റോഡ് തകർച്ചയും മൂലം വാഹനയാത്രയ്ക്കും കാൽനട യാത്രയ്ക്കും ഭീഷണിയാണ്. 

തറ നിരപ്പിനെക്കാൾ ഉയരത്തിൽ ഓടകൾ നിർമിച്ചിരിക്കുന്നതിനാൽ ദേശീയപാതയിൽ എല്ലായിടത്തെയും വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. നിർമാണത്തിന്റെ ഭാഗമായി കലുങ്കുകൾ ഒഴിവാക്കിയതോടെ മഴവെള്ളം ഇപ്പോൾ ഇടറോഡുകളിലൂടെയാണ് കുത്തിയൊലിച്ചുപോകുന്നത്. നിർമാണം പൂർത്തിയായ ഓടകളിലേക്ക് പ്രളയ ജലം പ്രവേശിക്കാൻ വളരെ ചെറിയ പൈപപ് മാത്രമാണുള്ളത്. ചെളി വെള്ളത്തിൽ ആ സുഷിരങ്ങൾ അടഞ്ഞതും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായി. 

ഗതാഗതക്കുരുക്കിൽ  തിരുമംഗലം പാത
തിരുമംഗലം ദേശീയപാതയിലെ ആര്യങ്കാവ് മുരുകപ്പൻചാൽ പാലത്തിലും സമീപ പാതയിലും ചെളിക്കുണ്ടായി മാറിയതോടെ ഗതാഗതം അവതാളത്തിലായി. നാട്ടുകാർ കുഴികളിൽ മണ്ണിട്ടു മൂടി താൽക്കാലിക പരിഹാരം കണ്ടിരുന്നു. മഴവെള്ളം കെട്ടിനിന്നു ചെളിയായതോടെയായിരുന്നു ഗതാഗതം വീണ്ടും താറുമാറായത്. 17 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചെങ്കിലും കരാറുകാർ പിന്മാറിയതോടെയാണു നിർമാണം നിലച്ചത്.

മലയോര ഹൈവേയിലും കുളത്തൂപ്പുഴ തെന്മല പാതയിലും അപകടഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി ഇല്ലാത്തതും മഴക്കാലത്തെ സുരക്ഷിത ഗതാഗതത്തിനു പ്രതിസന്ധിയായി. കഴിഞ്ഞദിവസം തെന്മല പാതയിലെ കൂവക്കാട്ട് മരം ഒടിഞ്ഞു പാതയിലേക്കു വീണു അരമണിക്കൂർ ഗതാഗതം സ്തംഭിച്ചിരുന്നു. 

വെള്ളക്കെട്ടിൽ നിലച്ച് നഗരം
കൊല്ലം കോർപറേഷൻ ഒന്നാം ഡിവിഷൻ കൊച്ചു മരുത്തടിയിൽ പത്തോളം വീടുകൾ വെള്ളത്തിൽ മുങ്ങി. ആദ്യമായാണ് ഒറ്റ മഴയിൽ ഇവിടത്തെ വീടുകളിൽ വെള്ളം കയറിയത്. സമീപത്തെ കിഴക്കേത്തറ പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലിക ബണ്ട് നിർമിച്ചത് മൂലം തോട്ടിലൂടെയുള്ള ഒഴുക്ക് നിലച്ചതാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ വെള്ളം ഉയരാൻ ഇടയായത്.

കോർപറേഷൻ മേഖലയിൽ ഓടകൾക്കു മുകളിലെ സ്‍ലാബുകളുടെ മുകളിലൂടെയാണ് മഴവെള്ളം പരന്നൊഴുകുന്നത്. സ്ലാബുകളുടെ ഇടയിലെ വിടവുകളിൽ മണ്ണുള്ളതിനാൽ ജലം ഇട റോഡുകളിൽ കെട്ടിക്കിടക്കുന്നു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകളുടെ മുകളിലെ മണ്ണ് അധികൃതർ നീക്കിയിട്ടില്ല. 

വിനോദ  സഞ്ചാരത്തിന് നിയന്ത്രണം
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ജലാശയ വിനോദ സഞ്ചാര മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തി. കാറ്റ്, മഴ, മറ്റ് പ്രതികൂല കാലാവസ്ഥ ഉള്ളപ്പോൾ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ സർവീസ് നടത്താൻ പാടുള്ളതല്ല.  ഖനന പ്രവർത്തനങ്ങൾക്കുമുള്ള വിലക്കും തുടരും.

കുളിക്കാം കുറ്റാലത്ത്; ജൂൺ മുതൽ
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ ജൂൺ ഒന്നു മുതൽ കുളിക്കാൻ അനുമതി നൽകിയേക്കും. പഴയ വെള്ളച്ചാട്ടത്തിലെ അപകടത്തെ തുടർന്നു തെങ്കാശി കലക്ടർ കമൽ കിഷോർ എല്ലാ വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ബലപ്പെട്ടെങ്കിലും സീസൺ എന്നു തുടങ്ങുമെന്നതിൽ തീരുമാനമായില്ല.

തെങ്ങ് വീണ് വീടു തകർന്നു
കിഴക്കേ കല്ലടയിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. കൊച്ചുപ്ലാമൂട് സ്വദേശി ഷാജിയുടെ ഷീല മന്ദിരം എന്ന വീടാണ് തകർന്നത്. ഓട് മേഞ്ഞ വീടിന്റെ കിടപ്പ് മുറിയും അടുക്കളയും പൂർണമായും തകർന്നു. ദ്രവിച്ച് നിന്നിരുന്ന തെങ്ങ് മഴയിൽ കടപുഴകി വീഴുകയായിരുന്നു. തെങ്ങിന് സമീപം നിൽക്കുകയായിരുന്ന ഷാജിയും കിടപ്പുമുറിയിൽ നിന്ന ചന്ദ്രികയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com