വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത കേസ്: ഡിവൈഎഫ്ഐ നേതാവിനെതിരെ കൂടുതൽ പേരുടെ പരാതി
Mail This Article
പത്തനാപുരം∙ വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. ഡിവൈഎഫ്ഐ മേഖലാ ട്രഷറർ കുളപ്പുറം അൻവർഷായ്ക്കെതിരെയാണ് പരാതി. നിലവിൽ മൂന്നു പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ സൈബർ സെൽ സിഐ രതീഷ് പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ, മേഖലയിലെ പ്രധാന വനിതാ നേതാക്കൾ എന്നിവരുടെയെല്ലാം ചിത്രം മോർഫ് ചെയ്തിട്ടുണ്ട്.
പതിനയ്യായിരം പേരുള്ള സമൂഹമാധ്യമ അശ്ലീല ഗ്രൂപ്പിലാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്തത്. ഓരോ ചിത്രത്തിനു താഴെയും അശ്ലീല കമന്റുകളും ഇടും. ഇത് ധാരാളമായി ഷെയർ ചെയ്യപ്പെട്ടതായാണ് വിവരം. അൻവർഷായ്ക്കു പുറമേ മറ്റുചിലരെയും പൊലീസ് സംശയിക്കുന്നു. അതേ സമയം ഒളിവിൽ പോയ പ്രതി എവിടെയാണെന്നു ഇതുവരെയും സ്ഥിരീകരണമില്ല. അൻവർഷായെ ഒളിവിൽ പോകാൻ സഹായിച്ചത് സിപിഎം ഏരിയ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ വിളക്കുടി മേഖലാ കമ്മിറ്റിയിലെ രണ്ട് നേതാക്കളും ചേർന്നാണെന്നാണ് ആരോപണം. പ്രതിക്ക് ആവണീശ്വരം സർവീസ് സഹകരണ ബാങ്കിൽ താൽക്കാലിക ജോലി വാങ്ങി നൽകിയതിലും ഏരിയ കമ്മിറ്റി അംഗത്തിനു പങ്കുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. അൻവർഷായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.