ADVERTISEMENT

പുനലൂർ ∙ നിർമാണ പ്രവർത്തനം അന്തിമ ഘട്ടത്തിലെത്തിയ പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ മുക്കടവ് ഭാഗത്ത് സുരക്ഷ വർധിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. പത്തനാപുരം , പുനലൂർ നിയോജകമണ്ഡലങ്ങളുടെയും പിറവന്തൂർ പഞ്ചായത്തിന്റെയും പുനലൂർ നഗരസഭയുടെയും അതിർത്തിയായ ഇവിടം ശബരിമല തീർഥാടകരുടെ ഇടത്താവളം കൂടിയാണ് . മുക്കടവ് നദിയുടെ വശത്തെ കടവുകളിൽ ഒട്ടേറെ തീർഥാടകർ സ്നാനത്തിന് എത്താറുണ്ട്. 

എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ ഇവിടെ ഏറെയാണ്. മുക്കടവ് ആറിന്റെ വിദൂര ദൃശ്യം കാണുന്നതിന് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. ഇരുകടവുകളിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണം.അഴീക്കൽ മോഡൽ കമാനാകൃതിയിലുള്ള പാലം സ്ഥാപിച്ചതോടെ പുനലൂർ – പത്തനംതിട്ട പാതയിലെ പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം.

പഴയ പാലം പൊളിക്കാതെ ഗതാഗതത്തിന് ഉപയോഗിക്കുകയാണ്. പുനലൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ ഇതിലൂടെയാണ് കടന്നു പോകുക.മണ്ഡലകാലത്ത് നെല്ലിപ്പള്ളി മുതൽ മുക്കടവ് വരെയുള്ള ഭാഗത്തും മുക്കടവ് ജംക്‌ഷൻ മുതൽ മുക്കടവ് പാലം വരെയുള്ള ഭാഗത്തും ഒട്ടേറെ സീസൺ കടകൾ ആരംഭിക്കാറുണ്ട്. വാഹനയാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഇവയുടെ ക്രമീകരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

 ഉറപ്പാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ  
പുനലൂരിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ദിശാ സൂചക വരകളും ബോർഡുകളും ഇല്ല. ഇത് അപകടസാധ്യത ഉയർത്തുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ഇരുപാലങ്ങളുടെയും മധ്യത്തിൽ ക്രാഷ് ബാരിയർ സ്ഥാപിക്കേണ്ടതുണ്ട് . കഴിഞ്ഞമാസം ഇവിടെ കെഎസ്ആർടിസി ബസ് പാലത്തിന്റെ മധ്യ ഭാഗത്തേക്ക് ഇടിച്ചു കയറി അപകടം വരുത്തിയിരുന്നു. ചെറിയ വാഹനങ്ങൾ ആറ്റിലേക്ക് മറിയാൻ ഇവിടെ സാധ്യത കൂടുതലാണ്. രാത്രി മികച്ച വെളിച്ച സംവിധാനവും പ്രദേശത്ത് ഉണ്ടാകണം. കടവുകളിലും വെളിച്ചത്തിന് ക്രമീകരണം ഉണ്ടാകണം. മേഖലയിൽ പൊലീസ് പട്രോളിങ്ങും ഉറപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com