ചണ്ണപ്പേട്ട മാലിന്യ പ്ലാന്റ്: സർക്കാർ മുന്നോട്ടു തന്നെ; ജനരോഷം ശക്തം
Mail This Article
അഞ്ചൽ ∙ ചണ്ണപ്പേട്ട പരപ്പാടി എസ്റ്റേറ്റിൽ വൻകിട മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം വീണ്ടും ഊർജിതം. എസ്റ്റേറ്റിലെ 50 ഏക്കർ സ്ഥലം വിട്ടുകൊടുക്കാൻ തയാറാണെന്നു സ്ഥലമുടമ സർക്കാരിനു സമ്മത പത്രം സമർപ്പിച്ചിട്ടുണ്ട്. വസ്തുവിന്റെ വില നിശ്ചയിക്കുന്നതിനായി എസ്റ്റേറ്റിനു 3 കിലോമീറ്റർ ചുറ്റളവിൽ സമീപ കാലത്തു നടന്ന വസ്തു കൈമാറ്റ ഇടപാടുകളുടെ വിവരം റവന്യു വകുപ്പ് ശേഖരിച്ചു തുടങ്ങി.
കലക്ടറേറ്റിൽ നിന്നുള്ള നിർദേശം അനുസരിച്ചാണു നടപടി. തെക്കൻ കേരളത്തിലെ 5 ജില്ലകളിലെ ഖരമാലിന്യങ്ങൾ ഇവിടെ എത്തിച്ചു സംഭരിച്ചു സംസ്കരിക്കുകയാണു ലക്ഷ്യം . ലോക ബാങ്കിന്റെ ധനസഹായത്തോടെയാണു സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ടൺ കണക്കിനു മാലിന്യങ്ങൾ കൂന കൂട്ടിയാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നു നാട്ടുകാർ ഭയക്കുന്നു.
എറണാകുളത്തെ ബ്രഹ്മപുരത്തും തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാലയിലും ജനജീവിതം താറുമാറായ തരത്തിൽ അലയമൺ , ഇട്ടിവാ പഞ്ചായത്തുകളിലും ജീവിതം ദുസ്സഹമാകും എന്നാണു നാട്ടുകാർ ആശങ്കപ്പെടുന്നത്.പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം നേരത്തേ ’ മനോരമ ’ വാർത്തയിലൂടെ അറിഞ്ഞു നാട്ടുകാർ സംഘടിച്ച് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു സമരത്തിന് ഇറങ്ങുകയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു സർക്കാർ തുടർ നടപടികൾ നിർത്തിവച്ചു. വീണ്ടും ശ്രമം ആരംഭിച്ചത് കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. ജനഹിതം മാനിക്കാതെയുള്ള നീക്കം എന്തു വിലകൊടുത്തും എതിർക്കുമെന്ന് ആക്‌ഷൻ കൗൺസിൽ വ്യക്തമാക്കി. ചടയമംഗലം നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് ഈ പ്രദേശം .