തുറക്കാതെ കുംഭാവുരുട്ടി; വനംവകുപ്പിന് ലക്ഷങ്ങളുടെ വരുമാന നഷ്ടം
Mail This Article
അച്ചൻകോവിൽ∙ തെങ്കാശി കുറ്റാലം, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടങ്ങൾ തുറന്നിട്ടും വനംവകുപ്പിന്റെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ പ്രവേശനം അനുവദിക്കുന്നതിൽ കാലതാമസം. വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനായി തമിഴ്നാട്ടുകാർ കുംഭാവുരുട്ടിയിൽ എത്തി നിരാശരായി മടങ്ങുകയാണ്. സീസണിൽ ലക്ഷങ്ങൾ വരുമാനം നേടിക്കൊടുക്കുന്ന വെള്ളച്ചാട്ടം അടച്ചിടുന്നത് വനംവകുപ്പിനു വൻ വരുമാന നഷ്ടമാണ്.
വനപാതയോരത്തെ മണലാർ വെള്ളച്ചാട്ടമാണ് ഇപ്പോൾ സഞ്ചാരികളുടെ ആകർഷണ കേന്ദ്രം. ഇവിടെ കഴിഞ്ഞ ഞായറാഴ്ച മാത്രം വരുമാനം ലഭിച്ചത് ഒരു ലക്ഷം രൂപയാണ്. ഇന്നലെ 38,000 രൂപ ലഭിച്ചു.
കുംഭാവുരുട്ടി തുറന്നാൽ പ്രതിദിനം 2 ലക്ഷത്തിലേറെ വരുമാനം ലഭിക്കുമെന്നാണ് കണക്ക്. ശക്തമായ നീരൊഴുക്കുള്ള കുംഭാവുരുട്ടിയിൽ വെള്ളം വന്നിറങ്ങുന്ന ഭാഗത്തുള്ള അപകടമായ കുഴിയാണു സുരക്ഷാ പ്രശ്നം. 10 അടിയിലേറെ താഴ്ചയുള്ള കുളത്തിൽ കുളിക്കുമ്പോൾ മലവെള്ളപ്പാച്ചിൽ ഉണ്ടായാൽ കുളിക്കുന്നവരെ രക്ഷപ്പെടുത്തുക പ്രയാസമായതിനാലാണു തീരുമാനം വൈകുന്നത്.
വനസംരക്ഷണ സമിതിക്കാണു ചുമതലയെങ്കിലും സുരക്ഷ ശക്തമാക്കുന്നതിനു പരിചയമുള്ള ജീവനക്കാർ ഇല്ലാത്തതാണു തിരിച്ചടി. വനപാതയിൽ നിന്നു 400 മീറ്റർ ഉള്ളിലായാണു കുംഭാവുരുട്ടി വെള്ളച്ചാട്ടം.
ഒരാൾക്കു 50 രൂപയാണു പ്രവേശന ഫീസ്. വെള്ളച്ചാട്ടത്തിൽ എത്താനുള്ള തകർന്ന വഴികൾ നവീകരിക്കാത്തതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും വെള്ളച്ചാട്ടം തുറക്കുന്നതിനു തടസ്സമാകുന്നു. മഴക്കാലം കഴിഞ്ഞു വെള്ളച്ചാട്ടത്തിൽ നവീകരണം നടത്തി സുരക്ഷ ഒരുക്കിയിട്ടു തുറന്നാൽ മതിയെന്ന നിലപാടിലാണു വനംവകുപ്പ്.