കൊല്ലം – പുനലൂർ–ചെങ്കോട്ട റെയിൽപാത വൈദ്യുതീകരണം: ട്രാക്‌ഷൻ സബ് സ്റ്റേഷൻ ഇന്ന് കമ്മിഷൻ ചെയ്യും
Mail This Article
പുനലൂർ ∙ കൊല്ലം – പുനലൂർ–ചെങ്കോട്ട റെയിൽപാതയിൽ സമ്പൂർണമായി വൈദ്യുത ട്രെയിനുകൾ ഓടിക്കുന്നതിന്റെ മുന്നോടിയായി ചെങ്കോട്ട 110 കെവി ട്രാക്‌ഷൻ സബ് സ്റ്റേഷൻ കമ്മിഷൻ ചെയ്യുന്നതിന് ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ സുരക്ഷാ അംഗീകാരം നൽകി. സബ് സ്റ്റേഷൻ കമ്മിഷൻ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. ചെങ്കോട്ടയിലെ അച്ചംപുത്തുരിലുള്ള ടിഎൻഇബി സബ്സ്റ്റേഷനിൽ നിന്ന് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ച് കഴിഞ്ഞ ആഴ്ച തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡി (ടിഎൻഇബി)ന്റെ ഭാഗമായ ട്രാൻസ്മിഷൻ കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ ജെ.പ്രേമലത സ്വിച്ച് ഓൺ കർമം നിർവഹിച്ചിരുന്നു.
സബ്സ്റ്റേഷൻ കമ്മിഷൻ ചെയ്യുന്നതിനുള്ള അനുബന്ധ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 10.8 കിലോമീറ്റർ സാധാരണ ലൈൻ വഴിയും 1.8 കിലോ മീറ്റർ ഭൂഗർഭ കേബിളിലൂടെയുമാണ് വൈദ്യുതി എത്തിക്കുന്നത്. എന്നാൽ സബ്സ്റ്റേഷൻ കമ്മിഷൻ ചെയ്താലും കൊല്ലം –പുനലൂർ–ചെങ്കോട്ട റെയിൽപാതയിൽ വൈദ്യുത ട്രെയിൻ ഓടിക്കുന്ന കാര്യം ദക്ഷിണ റെയിൽവേ തലത്തിൽ തീരുമാനിക്കും.
പുനലൂർ സബ്സ്റ്റേഷനിൽ വൈദ്യുതി എത്താത്ത കാരണം പറഞ്ഞ് ഈ തീരുമാനം മാറ്റുമോയെന്നും ആശങ്കയുണ്ട്. നിലവിൽ കൊല്ലം പെരിനാട് സബ്സ്റ്റേഷനിൽ നിന്നു വൈദ്യുതി എടുത്താണ് കൊല്ലം–പുനലൂർ പാതയിൽ ട്രെയിൻ ഓടിക്കുന്നത്. നിലവിൽ ചെങ്കോട്ട–പുനലൂർ പാതയിൽ വൈദ്യുതി ലഭ്യമല്ലാഞ്ഞതിനാൽ ദീർഘദൂര ട്രെയിനുകൾ കൊല്ലം– ചെങ്കോട്ട പാതയിൽ ഡീസൽ എൻജിൻ ഉപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നത്.