സൗമ്യയുടെ മരണം: അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബം
Mail This Article
ആയൂർ ∙ ഇളമാട് സൗമ്യ ഭവനിൽ സൗമ്യ (33) ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതിയുമായി കുടുംബം രംഗത്ത്. മരണം സംഭവിച്ചു 5 മാസം കഴിഞ്ഞിട്ടു പോസ്റ്റ് മോർട്ടത്തിന്റെ പകർപ്പ് നൽകിയിട്ടില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ടു പലതവണ ചടയമംഗലം പൊലീസിനെ സമീപിച്ചെങ്കിലും പകർപ്പ് ലഭിച്ചില്ലെന്നാണു കുടുംബത്തിന്റെ ആരോപണം.
വിഷം ഉള്ളിൽച്ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി നാലിനാണ് സൗമ്യ മരിക്കുന്നത്. ഭർത്താവിന്റെ ബന്ധുക്കളായ ചിലർ സൗമ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും മാനസിക സമ്മർദം താങ്ങാൻ കഴിയാതെയാണ് സൗമ്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി സൗമ്യയുടെ പിതാവ് മോഹനൻ റൂറൽ എസ്പിക്കു പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളെ ഓഫിസിൽ വിളിച്ചു മൊഴി രേഖപ്പെടുത്തിയതായും കുടുംബം പറയുന്നു. മൊഴി പകർപ്പ് ചടയമംഗലം പൊലീസിൽ നിന്നും നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും രണ്ടു മാസത്തോളമായിട്ടും നൽകിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം മാതാവിന്റെ സഹോദരി ശ്രീജ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപേക്ഷ നൽകി.
മരിക്കുന്നതിനു തലേ ദിവസം സൗമ്യയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം നടന്നു വരികയാണെന്നും മരണ മൊഴിയുടെ പകർപ്പ് കൂടി ലഭിച്ചാൽ മാത്രമേ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു. പകർപ്പ് പുനലൂർ ആർഡിഒ കോടതിയിൽ നിന്നു ഉടൻ ലഭിക്കും. എഫ്ഐആർ, പോസ്റ്റ്മോർട്ടം എന്നിവയുടെ പകർപ്പ് സൗമ്യയുടെ ബന്ധുക്കൾക്കു നൽകിയിരുന്നതായും പൊലീസ് പറഞ്ഞു.