ADVERTISEMENT

പുനലൂർ ∙ സെമിത്തേരിയിൽ ചടങ്ങിനെത്തിയ ആൾ, സ്കൂൾ വിദ്യാർഥികൾ അടക്കം 4 പേരെ തെരുവുനായ കടിച്ചു. റെയിൽവേ സമീപത്തെ അടിപ്പാതയ്ക്കും സെന്റ് ഗൊരേറ്റി സ്കൂളിനു മുൻവശത്തുമുള്ള റോഡിലും ആണ് ഏറെനേരം തെരുവുനായ വിഹരിച്ചത്.

കനത്ത മഴ സമയത്ത് ആയിരുന്നു തെരുവുനായയുടെ പരാക്രമം. കുറെയേറെ പേർ ഓടി രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. കടിയേറ്റവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇൻജക്‌ഷൻ എടുക്കുന്നതിന് അലർജി ഉണ്ടായിരുന്ന ഒരു വിദ്യാർഥിനിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

മറ്റുള്ളവർക്ക് ഇവിടെ പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം വിട്ടയച്ചു. നഗരസഭാ അധികൃതരും ആശുപത്രിയിൽ എത്തി. കുറേനേരം ആശുപത്രിയിൽ വൻ ജനത്തിരക്കാണ് ഉണ്ടായത്. അത്യാഹിത വിഭാഗത്തിനു മുന്നിലും ആൾക്കൂട്ടമായിരുന്നു. താലൂക്ക് ആശുപത്രിയിൽ ഇമ്യൂണോ ഗ്ലോബുലിൻ വാക്സിനും ആന്റി റാബിസ് വാക്സിനും ലഭ്യമാണ്. 

താലൂക്ക് ആശുപത്രിയുടെ പ്രത്യേക പദവി പരിഗണിച്ചും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണം ഇവിടെ കൂടുതൽ പ്രതിരോധ കുത്തിവയ്പ്പിന് ഉള്ള മരുന്നുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. പുനലൂരിൽ ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമായത്.

കഴിഞ്ഞ വർഷം ഇതേ മാസം ചെമ്മന്തൂരിൽ തെരുവുനായ ആക്രമിച്ച് പല ദിവസങ്ങളിലായി 50ൽ പരം പേർക്ക് പരുക്കേറ്റിരുന്നു. പേ വിഷബാധയേറ്റെന്ന സംശയത്തോടെയാണു കഴിഞ്ഞവർഷം ഇടമൺ സ്വദേശിയായ യുവാവ് മരണമടഞ്ഞത്. 

പുനലൂരിൽ കഴിഞ്ഞ 2 വർഷത്തിനിടെ നൂറിലധികം പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇടയ്ക്ക് ഇവയെ നിർമാർജനം ചെയ്യുന്നതിന് ശ്രമിച്ചെങ്കിലും നായപ്രേമി സംഘടന ഇടപെട്ടു തടസ്സപ്പെടുത്തിയിരുന്നു.

നായ്ക്കളെ പിടികൂടി മൃഗാശുപത്രിക്കു സമീപത്ത് എത്തിച്ച് വന്ധ്യം കരണം നടത്താനായിരുന്നു പരിപാടി. ഇതു തടസ്സപ്പെട്ടതോടെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം വർധിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളെ നിർമാർജനം ചെയ്യുന്നതിനു ശാശ്വതമായ പദ്ധതി നടപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ചങ്ങൻകുളങ്ങരയിലും ക്ലാപ്പനയിലും തെരുവുനായ ശല്യം വ്യാപകം
ഓച്ചിറ∙ചങ്ങൻകുളങ്ങരയിലും ക്ലാപ്പന പ്രദേശത്തും വീണ്ടും തെരുവുനായ് ശല്യം. രണ്ട് സ്കൂൾ വിദ്യാർഥികളെയും  അധ്യാപികയെയും തെരുവുനായ കടിച്ചു. 

ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്താണ് ഇന്നലെ  9.45ന് സ്കൂളിലേക്ക് പോയ രണ്ട് വിദ്യാർഥികളെ തെരുവുനായ ആക്രമിച്ചത്. 

പിന്നീട് ക്ലാപ്പന കുറ്റിയിടത്ത് ജംക്‌ഷനിൽ വച്ചാണ് സ്കൂൾ അധ്യാപികയെ ആക്രമിച്ചത്. മൂന്നുപേരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായയെ പിടികൂടാൻ സാധിച്ചില്ല.

ഒരു മാസം മുൻപു പേവിഷ ബാധയുള്ള തെരുവുനായ ഓച്ചിറയിലും ക്ലാപ്പനയിലുമായി 29 പേരെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com