ADVERTISEMENT

കരുനാഗപ്പള്ളി ∙ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തനായിരുന്നു ഇന്നലെ അന്തരിച്ച വവ്വാക്കാവ് മാർ‍ത്തോമ്മാ  ശാന്തി ഭവനം സ്ഥാപകൻ മാവേലിക്കര വടക്കേ മാങ്കുഴി സന്തോഷ് നിവാസിൽ കെ. സദാശിവ കാരണവർ (87).  പരസ്യ പ്രചാരണങ്ങളോ മറ്റു കാര്യങ്ങളോ ആഗ്രഹിക്കാതെ കാരുണ്യ പ്രവർത്തനങ്ങളിലും, വൃദ്ധജന സംരക്ഷണത്തിലും സദാ സന്നദ്ധനായിരുന്നു സദാശിവ കാരണവർ. സ്വന്തം സമ്പാദ്യവും ലഭിക്കുന്ന പെൻഷനും  ചെലവഴിച്ചായിരുന്നു  അശരണരെ സഹായിക്കാനുള്ള കാരുണ്യ പ്രവർത്തനങ്ങൾ. 

1961 ൽ പട്ടാളത്തിൽ ചേർന്ന് രാജ്യത്തിനു വേണ്ടി ജീവിതം മാറ്റിവച്ച ഇദ്ദേഹം 1978 ൽ വിരമിച്ചു. 1982 ൽ എസ്ബിടിയിൽ ജോലി ലഭിച്ചു. 1979 മുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായി.  ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിനു ജീവിക്കാനുള്ള ചുറ്റുപാടുകളൊക്കെ ഒരുക്കി ഒരു പിതാവിന്റെ കടമകളെല്ലാം ചെയ്തിട്ടാണ് ഈ വിമുക്തഭടൻ മറ്റുള്ളവരെ സഹായിക്കാൻ ജീവിതം മാറ്റി വച്ചത്. 

കരുനാഗപ്പള്ളി വവ്വാക്കാവിൽ വയോജനങ്ങൾക്കായി  25 സെന്റ് വസ്തു വാങ്ങി അതിൽ കെട്ടിടം നിർമിച്ചു. ശാന്തിഭവൻ എന്ന പേരിൽ വൃദ്ധസദനവും ആരംഭിച്ചു.  വൃദ്ധസദനത്തിന്റെ പ്രവർത്തനം ആഗ്രഹിച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ 2011 ൽ മാർ‍ത്തോമ്മ സഭ അടൂർ ഭദ്രാസനം  എന്നിവയ്ക്ക് വൃദ്ധസദനവും അതിനോട് ചേർന്ന 25 സെന്റ് വസ്തുവും പ്രതിഫലമായി ഒന്നും വാങ്ങാതെ എഴുതി നൽകി. 

വർഷങ്ങൾക്കു മുൻപെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് കഞ്ഞി വച്ചു നൽകൽ, ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ മൂന്നു വർഷത്തിലധികം കാലത്തോളം പ്രതിമാസം 500 പേർക്ക് ധർമസദ്യ നൽകൽ. പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്ക്  അന്നദാനം നൽകൽ തുടങ്ങിയവയൊക്കെ നടത്തിയിരുന്നു. സുഖമില്ലാതിരുന്ന സദാശിവ കാരണവരെ വെള്ളിയാഴ്ച മാർത്തോമ്മാ സഭ അടുർ ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ സെറാഫിൻ തിരുമേനിയും കമ്മിറ്റി അംഗങ്ങളും സന്ദർശിച്ചിരുന്നു.

പിന്നീട് രോഗം മൂർച്ചിച്ച സദാശിവ കാരണവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തുന്നതിനിടയാണ് അന്ത്യം.    നാളെ രാവിലെ 8 മുതൽ 10.30 വരെ സദാശിവ കാരണവരുടെ ഭൗതിക ശരീരം വവ്വാക്കാവ് മാർത്തോമ്മാ ശാന്തിഭവനത്തിൽ പൊതുദർശനത്തിനായി വയ്ക്കും. പകൽ 12 ന് മാവേലിക്കരയിലെ വസതിയിൽ സംസ്കാരം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com